പാരീസ്: കഴിഞ്ഞ 11 ദിവസമായി തുടര്‍ന്നുവരുന്ന പാരീസ് പാരാലിംപികസ് 2024ന് ഇന്ന് സമാപനം. 22 കായിക മത്സരങ്ങളുടെ 549 ഇനങ്ങളിലായി 170 രാജ്യങ്ങളില്‍ നിന്നെത്തിയ 4400 താരങ്ങളാണ് മത്സരിച്ച മൊത്തം താരങ്ങള്‍. ഭാരത സമയം വൈകീട്ട് 7.05ന് നിശ്ചയിച്ചിട്ടുള്ള 107 കിലോ വിഭാഗം പുരുഷ പാരാ പവര്‍ലിഫ്റ്റിങ് ഫൈനലോടെ മത്സരങ്ങള്‍ പൂര്‍ത്തിയാകും. രാത്രി 12നാണ് സമാപനം.
ഭാരതത്തിന്റെ അവസാന ഇനം ഉച്ചയ്ക്ക് 12ന് നടക്കുന്ന വനിതകളുടെ 200 മീറ്റര്‍ കയാക്കിങ് മത്സരമാണ്. ഇതിന്റെ സെമിയില്‍ ഭാരതത്തിന്റെ പൂജ ഓജ മത്സരിക്കും.
ഇന്നലെ പുരുഷ ഷോട്ട്പുട്ടിന്റെ എഫ് 57 വിഭാഗത്തില്‍ മത്സരിച്ച ഭാരതത്തിന്റെ ഹോകാറ്റോ ഹോടോഷെ സെമ വെങ്കലം നേടി. 40കാരനായ താരം കരിയര്‍ ബെസ്റ്റ് പ്രകടനമായ 14.65 മീറ്റര്‍ ദൂരം കുറിച്ചുകൊണ്ടാണ് ഹോകാറ്റോ മെഡല്‍ നേടിയത്. ഇതോടെ ഭാരതത്തിന്റെ മെഡല്‍ നേട്ടം 27 ആയി ഉയര്‍ന്നു. ആറ് സ്വര്‍ണവും ഒമ്പത് വെള്ളിയും 12 വെങ്കലവും സഹിതമാണ് ഇത്രയും മെഡലുകളായത്.
മെഡല്‍ നേട്ടത്തില്‍ ചൈന മുന്നില്‍ കുതിക്കുകയാണ്. രണ്ടാമതുള്ള ബ്രിട്ടനേക്കാള്‍ ഇരട്ടിയോളം സ്വര്‍ണമാണ് ചൈന നേടിയിരിക്കുന്നത്. 85 സ്വര്‍ണം ഉള്‍പ്പെടെ 195 മെഡലുകള്‍. 65 വെള്ളിയും 45 വെങ്കലവും. രണ്ടാമതുള്ള ബ്രിട്ടന് നേടിയിരിക്കുന്നത് 45 സ്വര്‍ണവും 36 വെള്ളിയും 26 വെങ്കലവും സഹിതം 107 മെഡലുകളാണ്. 31 സ്വര്‍ണം നേടിയ അമേരിക്കയാണ് മൂന്നാം സ്ഥാനത്ത്. 38 വെള്ളിയും 21 വെങ്കലവും അടക്കം 90 മെഡലുകളാണ് അവരുടെ ആകെ നേട്ടം.
ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ കൊയ്ത്ത് നടത്തിയിരിക്കുന്നത്. ഇതുവരെ 27 മെഡലുകളായി. കഴിഞ്ഞ തവണ ടോക്കിയോയില്‍ നേടിയതിനെ ആണ് കവച്ചുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈജംപില്‍ പ്രവീണ്‍ ദാസ് സ്വര്‍ണം നേടിയതോടെയാണ് ഒരു പതിപ്പില്‍ തന്നെ ഏറ്റവും അധികം മെഡലുകളെന്ന നേട്ടത്തില്‍ ഭാരതം പുതിയ റിക്കാര്‍ഡിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: