ലഡാക്ക്: സ്പിതുക് ലേ സ്റ്റേഡിയത്തില്‍ നടന്ന ക്ലൈമറ്റ് കപ്പ് 2024 ഫൈനലില്‍ ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്കിനെ തോല്‍പ്പിച്ച് ഗോകുലം കേരള എഫ്സി കപ്പടിച്ചു. ജമ്മു ആന്‍ഡ് കാശ്മീരിനെ 4-0നാണ് ഗോകുലം തോല്‍പ്പിച്ചത്.
23-ാം മിനിറ്റില്‍ തന്നെ ഡിഫന്‍ഡര്‍ മഷൂറാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. 34-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ ജികെഎഫ്സിക്ക് ലീഡ് ഇരട്ടിയായി. ഹാഫ് ടൈം സ്കോര്‍ 2-0. രണ്ടാം പകുതിയില്‍ ജികെഎഫ്സി നല്ല രീതിയില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോകുലം ലീഡ് തുടര്‍ന്നുകൊണ്ടിരുന്നു. രണ്ടാം പകുതി തുടങ്ങിയത് ഗോകുലത്തിന്റെ മൂന്നാം ഗോളോടുകൂടിയാണ്. 46-ാം മിനിറ്റില്‍ തര്പുയ മനോഹരമായ ഫിനിഷിംഗിലൂടെ സ്കോര്‍ 3-0ആക്കി ഉയര്‍ത്തി. 87-ാം മിനിറ്റില്‍ വസിം ജാവേദ് മനോഹരമായ ഒരു ലോംഗ് റേഞ്ച് ഗോളിലൂടെ നാലാം ഗോളും നേടി വിജയം ഉറപ്പിച്ചു.
സമുദ്രനിരപ്പില്‍ നിന്ന് 11,000 അടിയിലധികം ഉയരത്തില്‍, അത്യധികം കഠിനമായ സാഹചര്യങ്ങളോടു കൂടി പൊരുതിയാണ് ഗോകുലം ടീമിന്റെ കിരീട നേട്ടം.
സപ്തംബര്‍ ഒന്നിന് ആരംഭിച്ച ടൂര്‍ണമെന്റില്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ജി.കെ.എഫ്.സി. ആദ്യ മത്സരത്തില്‍ സ്കാല്സാങ്ലിംഗ് എഫ്സിയെ 8-1 ന് തകര്‍ത്താണ് ജൈത്രയാത്ര ആരംഭിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ജെ & കെ ബാങ്കിനെതിരെ 2-0 ന് വിജയിച്ചു. സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍(4-2) 1 ലഡാക്ക് എഫ്സിയെ പരാജയപ്പെടുത്തി.
ഗോകുലം കേരള എഫ്സിക്കൊപ്പം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ടിബറ്റന്‍ എന്‍എസ്എ, സ്കാല്സാംഗ്ലിംഗ് എഫ്സി, 1 ലഡാക്ക് എഫ്സി, ജെ ആന്‍ഡ് കെ ബാങ്ക് എന്നിവയുള്‍പ്പെടെ മൊത്തം ആറ് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ഫൈനലില്‍ നിര്‍ണായക പങ്കുവഹിച്ച മഷൂര്‍, സ്കോര്‍ ചെയ്യുക മാത്രമല്ല, കളിയിലുടനീളം മികച്ച പ്രകടനം നടത്തി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്കാരവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: