തിരുവനന്തപുരം: 80 ലക്ഷം രൂപയ്ക്ക് പ്രതിമാസം വാടകയ്ക്കെടുത്ത ഹെലികോപ്ടര്‍ സംസ്ഥാനത്തിന് ബാധ്യതയാകുന്നു. മാവോയിസ്റ്റ് നിരീക്ഷണം, ദുരന്ത മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. എന്നാല്‍ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ ഇത് ഉപയോഗിക്കുന്നത്.
മാവോയിസ്റ്റ് നിരീക്ഷണം നടത്തുന്നത് തണ്ടര്‍ബോള്‍ട്ട് കാല്‍നടയായി കാട്ടിലൂടെ സഞ്ചരിച്ചാണ്. വയനാടുള്‍പ്പെടെ ദുരന്തമേഖലയിലൊന്നും തന്നെ ഈ ഹെലികോപ്ടര്‍ ഉപയോഗിച്ചില്ല. മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്ന സ്ഥലത്തേക്ക് പോകാന്‍ മാത്രമാണ് ഉപകരിച്ചത്.
80 ലക്ഷം രൂപ വാടകയില്‍ ഒരുമാസം 25 മണിക്കൂറാണ് ഹെലികോപ്ടര്‍ ഉപയോഗിക്കാനാകുക. കൂടുതല്‍ പറക്കണമെങ്കില്‍ മണിക്കൂറില്‍ 90,000 രൂപ അധികം നല്‍കണം. ദല്‍ഹി ആസ്ഥാനമായ ചിപ്സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയില്‍ നിന്നാണ് 2023 സപ്തംബറില്‍ ഹെലികോപ്ടര്‍ വാടകയ്ക്കെടുത്തത്.
ഇതുവരെ വാടകയിനത്തില്‍ 9.60 കോടിയാണ് ചെലവ്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. ഇതനുസരിച്ച് 28.80 കോടി രൂപ വാടകയിനത്തില്‍ മാത്രം നല്‍കേണ്ടി വരും. എന്നാല്‍ സ്വന്തമായി ഹെലികോപ്ടര്‍ വാങ്ങണമെങ്കില്‍ അഞ്ച് കോടി മുതല്‍ 20 കോടി രൂപ വരെ നല്കിയാല് മതിയാകും.
കൊവിഡ് പ്രതിസന്ധിക്കിടെ 2020ല്‍ ആദ്യമായി സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകക്കെടുത്തപ്പോള്‍ പല ഭാഗത്തുനിന്നും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പവന് ഹംസ് കമ്പനിയില്‍ നിന്നായിരുന്നു അന്ന് 22.21 കോടി രൂപ ചെലവഴിച്ച് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തത്. ഇതില്‍ നിന്ന് കാര്യമായ പ്രയോജനം ഉണ്ടായില്ലെന്ന് രൂക്ഷവിമര്‍ശനം വന്നതോടെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കരാര്‍ അവസാനിപ്പിച്ചു. പിന്നീട് 2023 ലാണ് വീണ്ടും ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചത്.
കരാറിന്റെ മറപിടിച്ച് ഉപയോഗിക്കാത്ത സ്വകാര്യ ഹെലികോപ്ടറിന് പണം വാരിക്കോരി നല്‍കുകയാണെന്ന് ആക്ഷേപമുണ്ട്. ക്ഷേമ പെന്ഷന് കുടിശിക ഒന്നോ രണ്ടോ ഗഡു കൊടുക്കണമെങ്കില്‍ പോലും കടമെടുക്കേണ്ടിവരുന്ന സഹാചര്യത്തിലാണ് ധൂര്‍ത്ത് നടത്തി ഹെലികോപ്ടറിന് വാടക നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: