കൊച്ചി: ആറുമാസം മുമ്പ് തന്നെ വിട്ടുപോയ അച്ഛനെ മനസില്‍ ധ്യാനിച്ച് അത്തച്ചമയ ഘോഷയാത്രയിലെ പഞ്ചവാദ്യ മേളത്തില്‍ രഞ്ജന തിമിലയില്‍ താളങ്ങള്‍ പെരുക്കി. കാണാമറയത്ത് അച്ഛന്റെ സാന്നിധ്യവും അനുഗ്രഹവും രഞ്ജനയുടെ മനസില്‍ അലയടിച്ചു.
തൃപ്പൂണിത്തുറയുടെ മേള കലാകാരന്‍ തൃപ്പൂണിത്തുറ സജീവനാശാന്റെ മകളാണ് രഞ്ജന സജീവന്‍. അച്ഛന്‍ ആറുമാസത്തിനു മുമ്പ് മരണമടഞ്ഞു. 45 വര്‍ഷത്തിലധികമായി അത്തച്ചമയ ഘോഷയാത്രയില്‍ പഞ്ചവാദ്യത്തിലെ നിറ സാന്നിധ്യമായിരുന്നു സജീവനാശാന്‍. പകല്‍പ്പൂരത്തില്‍ വച്ച് കാലിനേറ്റ മുറിവാണ് സജീവനാശാന്റെ ജീവനെടുത്തത്. അച്ഛന്റെ അസാന്നിധ്യം ഇന്നലെ മകള്‍ നികത്തി.
എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തായമ്പക അഭ്യസിച്ചു തുടങ്ങിയത്. തിമില പഠിച്ച് അച്ഛനൊടൊപ്പം അത്തച്ചയമ ഘോഷയാത്രയില്‍ കൂടണമെന്ന് വിചാരിച്ചെങ്കിലും പല കാരണങ്ങളാല്‍ നീണ്ടുപോയി. പഠിച്ചിറങ്ങിയപ്പോള്‍ അച്ഛന്‍ താളമില്ലാത്ത ലോകത്തേക്കും മറഞ്ഞു.
അത്തച്ചമയ ആഘോഷവുമായി ബന്ധപ്പെട്ട് അച്ഛന്റെ ചുമതല ഏറ്റെടുക്കാന്‍ കുടുംബവും സജീവനാശാന്റെ സഹപ്രവര്‍ത്തകരും ശിഷ്യരും തീരുമാനമെടുത്തു. അത്താഘോഷകമ്മിറ്റി പൂര്‍ണ പിന്തുണയും നല്കി. ഇതിലേക്കായി കഴിഞ്ഞ ചൊവ്വാഴ്ച രഞ്ജന അരങ്ങേറ്റം നടത്തി. അച്ഛന്റെ സഹോദരനും ശിഷ്യനുമായ കട്ടപ്പുറം ഗോപാലന്റെ ശിക്ഷണത്തിലാണ് തിമിലയില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്നലെ അത്തച്ചമയ ഘോഷയാത്രയില്‍ 17 പേരടങ്ങുന്ന സംഘത്തെ തിമിലയില്‍ താളം പൊരുക്കി മുന്നില്‍ നിന്ന് രഞ്ജന നയിച്ചു. പലപ്പോഴൂം മനസ് പിടച്ചെങ്കിലും പൂര്‍ണത്രയീശന്റെ അനുഗ്രഹം കൂടി ഉണ്ടായിരുന്നതായി പറയുന്നു രഞ്ജനനൃത്തവും കഥകളിയും അഭ്യസിച്ചു വേദികളില്‍ അവതരിപ്പിച്ചിരുന്ന രഞ്ജന തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്നും മോഹിനിയാട്ടം ബിഎ പഠനം പൂര്‍ത്തിയാക്കി. യോഗ ഡിപ്ലോമ പരിക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുകയാണ്. അമ്മ: രമ സജീവന്‍. ഭര്‍ത്താവ്: അനീഷ്. മകള്‍: ധനുര്‍വേദ. സഹോദരി: സഞ്ജന മനോജ് (സംഗീത അധ്യാപിക) സഹോദരീ ഭര്‍ത്താവ്: കഥകളി ചുട്ടി കലാകാരനായ എരൂര്‍ മനോജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: