മഹാദേവന്റെയും പാര്‍വ്വതിദേവിയുടെയും പുത്രനായ ഗണപതി ഭഗവാന്റെ ജന്മദിനമാണ് വിനായക ചതുര്‍ഥി ദിനമായ ഇന്ന്. വളരെ പ്രത്യേകതകള്‍ നിറഞ്ഞ ശരീരത്തിന് ഉടമയാണ് ഗണപതി. തലയ്‌ക്കു ചേരാത്ത ഉടലും ഉടലിനു ചേരാത്തവയറും വയറിനു ചേരാത്ത കാലും ശരീരത്തിനു ചേരാത്ത വാഹനവും ഗണപതിയെ മറ്റ് ദേവതകളില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. പരസ്പരം ചേരാത്ത അനേകം വസ്തുക്കളുടെ കൂട്ടമാണ് ഈ പ്രപഞ്ചം എന്നതിന്റെ പ്രത്യക്ഷീകരണമാണ് ഗണപതിയുടെ ഈ വേറിട്ട രൂപം.
ചിങ്ങമാസ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി ദിവസമാണ് വിനായക ചതുര്‍ത്ഥി ആഘോഷം. ഇന്നാണ് ഗജപൂജ, ആനയൂട്ട് എന്നിവ ഗണപതി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ നടത്തുന്നത്. മുമ്പൊക്കെ വീടുകളില്‍ മുത്തശ്ശിമാര്‍ ചതുര്‍ഥി നോമ്പ് നോക്കുമായിരുന്നു. ചതുര്‍ഥിക്ക് മോദകം ഉണ്ടാക്കി ഭഗവാന് സമര്‍പ്പിക്കുന്നതും പതിവാണ്.
വിനായക ചതുര്‍ത്ഥി ഐതിഹ്യം ഇങ്ങനെ
വയറു നിറയെ മോദകം കഴിച്ച് സന്തുഷ്ടനായ ഗണപതി ത്രിസന്ധ്യാസമയത്ത് കൈലാസത്തില്‍ നൃത്തം ചെയ്തു. പെട്ടെന്ന് കഴിച്ച മോദകം മുഴുവന്‍ പുറത്തു ചാടി. ഇതില്‍ വിഷണ്ണനായി ഗണപതി ആരുംകാണുന്നില്ലെന്ന വിചാരത്തില്‍, പുറത്തു ചാടിയ മോദകങ്ങള്‍ വീണ്ടും അകത്താക്കി. എന്നാല്‍ ഇതു ആകാശത്ത് നിന്നു ചന്ദ്രന്‍ കാണുകയും ഈ വിചിത്ര സംഭവം കണ്ട് പൊട്ടിച്ചിരിക്കുകയും ചെയ്തു. പരിഹാസച്ചിരിയില്‍ ക്രുദ്ധനായ ഗണപതി ”എനിക്ക് സന്തോഷകരമായ ദിവസം നിന്നെ കാണുന്ന ആളുകള്‍ അപവാദം കേള്‍ക്കാനിട വരട്ടെ”യെന്ന് ശപിച്ചു. വിനായകചതുര്‍ഥിയില്‍ ചന്ദ്രനെ കാണാന്‍ പാടില്ലെന്ന് വിശ്വാസമുണ്ടായത് അതിനാലാണത്രേ.
ഈ ശാപകഥ അറിയാതെ വിഷ്ണുഭഗവാന്‍ ഒരു ചതുര്‍ത്ഥിയില്‍ ചന്ദ്രനെ നോക്കി. അതോടെ അദ്ദേഹവും ഗണേശ ശാപത്തിനിരയായി.
ഒടുവില്‍ വിഷ്ണു ഭഗവാന്‍ മഹാദേവന്റെ മുന്നിലെത്തി സഹായം അഭ്യര്‍ത്ഥിച്ചു. ഗണപതി വ്രതം അനുഷ്ടിക്കാന്‍ മഹാദേവന്‍ വിഷ്ണുഭഗവാനോട് ആവശ്യപ്പെട്ടു. ഗണപതിവ്രതം അനുഷ്ഠിച്ചു വിഷ്ണുഭഗവാന്റെ സങ്കടങ്ങള്‍ മാറിയെന്നാണ് വിനായക ചതുര്‍ത്ഥിയുടെ ഐതീഹ്യം.
ഏതൊരു നല്ല കാര്യം തുടങ്ങുന്നതിനു മുന്‍പും ഗണപതിയെ ആണ് പ്രിതിപ്പെടുത്തേണ്ടത്. അതിനായാണ് ഗണപതിഹോമം, ഗണേശ പൂജ തുടങ്ങിയവ നടത്തുന്നത്. കുട്ടികളെ എഴുത്തിനിരുത്തുമ്പോള്‍ ആദ്യം നാവിലും പിന്നീട് വിരല്‍കൊണ്ട് അരിയിലും എഴുതിക്കുന്നതും ഗണപതി സ്തുതിയാണ്.’ഹരി ശ്രീ ഗണപതയെ നമഃ’ എന്ന്.
മുപ്പത്തിരണ്ടു ഭാവങ്ങളില്‍ മഹാഗണപതി സങ്കല്‍പിക്കപ്പെടുന്നു. സിദ്ധിവിനായകര്‍, ക്ഷിപ്രപ്രസാദ ഗണപതി, ലക്ഷ്മി ഗണപതി തുടങ്ങിയവ അവയില്‍ ചിലതാണ്. ഏതൊരു കാര്യസാദ്ധ്യത്തിനും വിഘ്‌ന ശാന്തിക്കും, വിനായക പ്രീതിവേണമെന്നാണ് വിശ്വാസം. വിഘ്‌നേശ്വരന് ഏറ്റും പ്രിയങ്കരമായ മോദകം, അട, ഉണ്ണിയപ്പം എന്നിവ നിവേദിക്കുന്നു. കറുകമാല ചാര്‍ത്തി ഉപചാരങ്ങള്‍ നല്‍കി വിപുലമായി പൂജിക്കുന്നു. കേരളം ഒഴിച്ചുള്ള പല സംസ്ഥാനങ്ങളിലും ഒരാഴ്ചക്കാലം നീളുന്ന വിനായക ചതുര്‍ത്ഥി ആഘോഷമുണ്ട്. കളിമണ്ണില്‍ തീര്‍ത്ത ഗണേശ വിഗ്രഹത്തെയാണ് അവിടങ്ങളില്‍ ആരാധിക്കുന്നത്. ഘോഷയാത്രയായി ഈ വിനായക വിഗ്രഹം അടുത്തുള്ള നദിയിലോ, സമുദ്രത്തിലോ നിമജ്ജനം ചെയ്യുന്നതോടെ ആണ് ആഘോഷങ്ങള്‍ക്കു പരിസമാപ്തിയാവുക.
ഗണപതിയെ പുതിയ തുടക്കങ്ങളുടെ ദൈവമായും തടസ്സങ്ങള്‍ നീക്കുന്നവനായും ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും അധിദേവതയായും കാണുന്നു. ഗണേശനെ ആരാധിക്കുന്ന ഭക്തര്‍ക്ക് ഒരിക്കലും കഷ്ടപ്പെടേണ്ടി വരില്ല. രാഹു, കേതുക്കളുടെ ദോഷത്തില്‍ നിന്നുംമുക്തി ലഭിക്കുകയും ചെയ്യുന്നു. അതിനാല്‍ വിനായക ചതുര്‍ത്ഥി എല്ലാവരും ആഘോഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക