തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ സിപിഎമ്മിനും പേടി. ശശിക്കെതിരേ അന്വേഷണം വേണ്ടെന്ന് ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായി. സിപിഎം എംഎല്‍എ പി.വി. അന്‍വറിന്റെ പരാതിയില്‍ ശശിയുടെ പേരില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശദീകരണം. അതില്‍ വകുപ്പുതല അന്വേഷണം മതി. ആ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെങ്കില്‍ പാര്‍ട്ടി അന്വേഷിക്കുമെന്നു ന്യായീകരണം. ശശിയുടെ പേരില്‍ അന്വേഷണത്തിനു മുഖ്യമന്ത്രിയും തയാറായിരുന്നില്ല.
പി. ശശിക്കെതിരേ പാര്‍ട്ടിക്കു പരാതി നല്കിയെന്നാണ് എം.വി. ഗോവിന്ദനെ കണ്ട ശേഷം പി.വി. അന്‍വര്‍ മാധ്യമങ്ങളോടു പറഞ്ഞത്. അന്‍വറിനൊപ്പം മുന്‍ എംഎല്‍എ കാരാട്ട് റസാഖും ശശിക്കെതിരേ കടുത്ത വിമര്‍ശനമുന്നയിച്ചു. ഇതെല്ലാം സിപിഎം തള്ളിക്കളഞ്ഞു. വെറുതേ ആരോപിച്ചാല്‍ പോരാ, അടിസ്ഥാനപരമായി എഴുതിക്കൊടുക്കണമെന്നൊരു മുന്നറിയിപ്പും ഗോവിന്ദന്‍ നല്കി. ശശിയുടെ നടപടികള്‍ അന്വേഷിച്ചാല്‍ അത് മുഖ്യമന്ത്രിതന്നെ പ്രതിക്കൂട്ടിലാകുമെന്ന ആശങ്കയാണ് സിപിഎമ്മിനുള്ളതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
അന്‍വര്‍ എഴുതി നല്കിയ പരാതി സെക്രട്ടേറിയറ്റ് പരിശോധിച്ചെന്ന് ഗോവിന്ദന്‍ പറയുന്നു. പരാതിയില്‍ പേരുള്ള എസ്പി സുജിത് ദാസിനെ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തു. അന്‍വര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥ വീഴ്ചയാണ്. അതിനാല്‍ ഭരണതലത്തിലെ പരിശോധന മതി. അതിനായി സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. മറ്റംഗങ്ങള്‍ അദ്ദേഹത്തെ സഹായിക്കാനുള്ളവരാണ്, ഗോവിന്ദന്‍ പറഞ്ഞു.
പരസ്യമായി പാര്‍ട്ടിക്കെതിരേ രംഗത്തെത്തിയ അന്‍വറിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പാര്‍ട്ടി ജനപ്രതിനിധിയെന്ന നിലയില്‍ ഇങ്ങനെയല്ല പരാതിയുന്നയിക്കേണ്ടത്. അന്‍വര്‍ പാര്‍ട്ടി ചുമതലയിലുള്ള ആളല്ല, അന്‍വറിനെ പാര്‍ട്ടി ചട്ടം പഠിപ്പിക്കാനാകില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. പിണറായി വിജയനെ പാര്‍ട്ടിയാണ് മുഖ്യമന്ത്രിയാക്കിയതെന്ന അന്‍വറിന്റെ പരാമര്‍ശത്തിനും ഗോവിന്ദന്‍ മറുപടി നല്കി. കേരളത്തിന്റെ പരിസ്ഥിതി തകര്‍ക്കുന്ന, ബിസിനസ് നടത്തുന്ന പിന്തിരിപ്പന്‍ രാഷ്‌ട്രീയക്കാരനായും സാമൂഹ്യദ്രോഹിയായും അന്‍വറിനെ ചിത്രീകരിച്ചിരുന്ന അതേ മാധ്യമങ്ങള്‍ തന്നെയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ പിന്തുണയയ്‌ക്കുന്നതെന്നും ഗോവിന്ദന്‍ പറയുന്നു.
അതേസമയം മുഖ്യമന്ത്രിക്ക് പരാതി നല്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. പരാതി കൊടുത്താലും അത് പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പി. ശശിക്ക് നല്കും. മാധ്യമങ്ങളോട് പറയാതെ പരാതി നല്കിയാല്‍ ഒരു ചുക്കും നടക്കാത്ത സാഹചര്യമാണുള്ളത്. നിരവധി സഖാക്കള്‍ക്ക് ഈ അനുഭവമുണ്ടെന്നും അന്‍വര്‍ തുറന്നടിച്ചു. എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് അന്‍വര്‍ കടുത്ത മറുപടിയുമായി രംഗത്തുവന്നത്. എഴുതിക്കൊടുത്ത പരാതിയില്‍ ശശിയുടെ പേരില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത് പാര്‍ട്ടിയും കേട്ടുകാണുമല്ലോ എന്നായിരുന്നു മറുപടി.
അഴിമതിക്കെതിരെ പോര്‍ട്ടല്‍ തുടങ്ങുമെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞതിനെ ഗോവിന്ദന്‍ വിമര്‍ശിച്ചെങ്കിലും അത് വകവയ്‌ക്കാതെ പോലീസിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ അന്‍വര്‍ പ്രത്യേക വാട്‌സ് ആപ്പ് നമ്പര്‍ പ്രഖ്യാപിച്ചതും ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: