ദുബായ് : യുഎഇ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പദ്ധതി ഉപയോഗപ്പെടുത്തിക്കൊണ്ട് റസിഡൻസി സ്റ്റാറ്റസ് സംബന്ധിച്ച രേഖകൾ പുതുക്കാനാഗ്രഹിക്കുന്ന പ്രവാസികൾക്കായി നാല് സേവനങ്ങൾ നൽകുന്നതായി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറാറ്റൈസേഷൻ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യുഎഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി സെപ്റ്റംബർ 1-ന് പ്രാബല്യത്തിൽ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഈ സേവനങ്ങൾ നൽകുന്നത്.
താഴെ പറയുന്ന നാല് സേവനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്:
വർക്ക് പെർമിറ്റ് അനുവദിക്കൽ.
വർക്ക് പെർമിറ്റ് പുതുക്കൽ.
വർക്ക് പെർമിറ്റ് റദ്ദാക്കൽ.
തൊഴിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതുമായി ബന്ധപ്പെട്ടുളള പരാതികൾ തീർപ്പാക്കൽ.
റെസിഡൻസി പെർമിറ്റ്, വർക്ക് പെർമിറ്റ് എന്നിവയുടെ കാലാവധി അവസാനിച്ചിട്ടുള്ളവർ, തൊഴിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതുമായി ബന്ധപ്പെട്ടുളള പരാതികൾ ചുമത്തപ്പെട്ടിട്ടുള്ളവർ (ഗാർഹിക ജീവനക്കാർ ഉൾപ്പടെ) തുടങ്ങി ഈ പൊതുമാപ്പ് കാലാവധിയിൽ റസിഡൻസി സ്റ്റാറ്റസ് സംബന്ധിച്ച രേഖകൾ പുതുക്കാനർഹതയുള്ള എല്ലാ പ്രവാസികൾക്കും മേൽപ്പറഞ്ഞ സേവനങ്ങൾ ലഭ്യമാകുന്നതാണ്.
ഇതിന് പുറമെ മന്ത്രാലയത്തിൽ വർക് കോൺട്രാക്ട് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സ്ഥാപനങ്ങൾ, വർക് പെർമിറ്റ് സമയബന്ധിതമായി പുതുക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സ്ഥാപനങ്ങൾ എന്നിവർക്ക് പിഴ ഒഴിവാക്കിക്കിട്ടുന്നതിനായി അപേക്ഷിക്കാവുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, എന്നീ ഓൺലൈൻ സംവിധാനങ്ങളിലൂടെയും, ബിസിനസ് സർവീസ് കേന്ദ്രങ്ങളിലൂടെയും, ഡൊമസ്റ്റിക് വർക്കേഴ്സ് സർവീസ് കേന്ദ്രങ്ങളിലൂടെയും സമർപ്പിക്കാവുന്നതാണ്.
വിസ കാലാവധി സംബന്ധിച്ച ലംഘനങ്ങൾ നടത്തിയിട്ടുള്ള റെസിഡൻസി, വിസിറ്റ് ഉൾപ്പടെ എല്ലാ വിഭാഗം വിസകളിലുള്ളവർക്കും ഈ പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.
യുഎഇയിലെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള പ്രവാസികൾക്ക് സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 30 വരെയുള്ള രണ്ട് മാസത്തെ കാലയളവിലാണ് ഈ പൊതുമാപ്പ് ഉപയോഗിക്കാൻ അവസരം ലഭിക്കുന്നത്. ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നവർക്ക് തങ്ങളുടെ വിസ പുതുക്കുന്നതിനോ, നിയമപരമായി രാജ്യം വിടുന്നതിനോ 14 ദിവസത്തെ സമയം ലഭിക്കുന്നതാണ്.
യുഎഇ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കായി ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: