മലയാളികളുടെ മനസ്സിൽ സന്തോഷത്തിന്റെ കുളിർ നിറച്ച് ഇന്ന് അത്തം. മാവേലിയെ വരവേൽക്കാൻ നാട് ഒരുങ്ങിക്കഴിഞ്ഞു. ഇനിയുള്ള ഓരോ ദിവസങ്ങളും ആഘോഷങ്ങളുടേതു കൂടിയാണ്. ജാതി മത ഭേദമന്യേ ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കാനൊരുങ്ങി കഴിഞ്ഞു. അത്തം മുതൽ പത്തു ദിവസം പ്രാതലിനൊരുക്കുന്ന പഴനുറുക്കിന്റെയും കാച്ചിയ പപ്പടത്തിന്റെയും മണം കൂടിയാണ് ഓണം.
മലയാളികളുടെ മുറ്റത്ത് ഇന്ന് മുതൽ പൂക്കളങ്ങൾ വിരിഞ്ഞ് തുടങ്ങും. അത്തം മുതല്‍ തിരുവോണം വരെ ഒരുക്കുന്ന പൂക്കളത്തിനുമുണ്ട് പ്രത്യേകത.അത്തം എത്തിയതോടെ മലയാളികൾ ഓരോരുത്തരും ഓണത്തെ വരവേൽക്കാനുളള തിരക്കുകളിലേക്കുളള കടന്നു കഴിഞ്ഞു. പൂക്കളങ്ങൾ, ഓണക്കോടി, ഓണക്കളികൾ, ഓണസദ്യ തുടങ്ങി എല്ലാത്തിനും നാടൊരുങ്ങി. അത്തം കറുത്താൽ ഓണം വെളുക്കും എന്നൊരു പഴഞ്ചൊല്ലും ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. പൊതുവേ അത്തത്തിന് ഇരുണ്ട ആകാശവും മഴയും ഒക്കെയാണ്.
അങ്ങനെ വന്നാൽ പിന്നീട് തിരുവേണം നാളിൽ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നാണ് വിശ്വാസം. ഇത്തവണ സെപ്റ്റംബര്‍ 15 നാണ് തിരുവോണം. ഓണവിപണിയിലേക്കുള്ള പൂക്കളും ഇന്നലെ മുതൽ എത്തിത്തുടങ്ങി. അവസാനത്തെ ഓണപരീഷകൾ കൂടി തീർത്താൽ കുട്ടികളും ഓണാഘോഷത്തിന്റെ പൂർണാവേശത്തിലെത്തും. വീട്ടുമുറ്റത്തെ ചെമ്പരത്തിയും പനിനീർപ്പൂവും വിപണിയിൽ നിന്നെത്തുന്ന പല നിറ പൂക്കളും കൂടിയാകുമ്പോൾ പൂക്കളത്തിന് ചന്തമേറെയാണ്. ലോകപ്രശസ്തമായ തൃപ്പൂണിത്തുറ അത്തച്ചമയവും ഇന്നാണ്. അത്തച്ചമയ ഘോഷയാത്രയോടെയാണ് കേരളത്തിൽ ഓണാഘോഷം തുടങ്ങുന്നത്. ഘോഷയാത്ര രാവിലെ 10 ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ തൃപ്പൂണിത്തുറയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ചിങ്ങമാസത്തിലെ അത്തം നാളില്‍ നടത്തുന്ന ആഘോഷമാണ് അത്തച്ചമയം. അത്തംനാളില്‍ കൊച്ചിരാജാവ് സര്‍വാഭരണ വിഭൂഷിതനായി സര്‍വസൈന്യ സമേതനായി ഘോഷയാത്രയോടെ പ്രജകളെ കാണാനെത്തുന്നതായിരുന്നു രാജ ഭരണ കാലത്തെ അത്തച്ചമയം. 1949 ല്‍ തിരുവിതാംകൂര്‍ – കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിര്‍ത്തലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: