തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷവും ടൂറിസം വാരാഘോഷവും ഉപേക്ഷിച്ച സര്‍ക്കാര്‍ കേരളീയവും ട്രാവല്‍മാര്‍ട്ടും നടത്താന്‍ കോടികള്‍ അനുവദിച്ചു. വെല്ലിങ്ടണ്‍ ഐലന്‍ഡിലെ സാഗര സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കേരള ട്രാവല്‍മാര്‍ട്ടിനായി സര്‍ക്കാര്‍ നല്‍കുന്നത് 2.45 കോടിയാണ്.
76 വിദേശ രാജ്യങ്ങളില്‍ നിന്നായി 800 വിദേശ ബയര്‍മാരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തിലധികം ആഭ്യന്തര ബയര്‍മാരും പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 26 മുതല്‍ 29 വരെയാണ് കേരള ട്രാവല്‍മാര്‍ട്ട്. 345 സ്റ്റാളുകള്‍. മാധ്യമ പ്രവര്‍ത്തകര്‍, വ്‌ളോഗര്‍മാര്‍, ഇന്‍ഫഌവന്‍സര്‍മാര്‍ എന്നിവര്‍ക്ക് പ്രീമാര്‍ട്ട് ടൂര്‍. തെരഞ്ഞെടുക്കുന്ന ബയര്‍മാര്‍ക്ക് പോസ്റ്റ് മാര്‍ട്ട് ടൂര്‍… ഓണാഘോഷവും ടൂറിസം വാരാഘോഷവും ഒഴിവാക്കി വന്‍കിട റിസോര്‍ട്ടില്‍ ഉയര്‍ന്ന തുക പ്രവേശന ഫീസായി ഈടാക്കി നടത്തുന്ന ധൂര്‍ത്ത് വിവാദമായിട്ടുണ്ട്.
കേരളീയത്തിന് 7.40 കോടിയാണ് അനുവദിച്ചത്. ആഗസ്ത് 27ന് ടൂറിസം വകുപ്പ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് 31 ന് തുക അനുവദിച്ചത്. 2023ലെ കേരളീയം പരിപാടിയുടെ കുടിശിക നല്കാനാണ് തുക. കഴിഞ്ഞതവണ 27 കോടിയാണ് ചെലവായെന്ന് പറയുന്നത്.
ബാക്കി തുക സ്‌പോണ്‍സര്‍മാരില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് ലഭിച്ച തുകയും ചെലവാക്കിയതിലെ കൃത്യതയും സംശയാസ്പദമാണ്. ട്രഷറി നിയന്ത്രണത്തില്‍ ഇളവു വരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചത്.
ഇത്തവണ ഡിസംബറിലാണ് കേരളീയം. എല്ലാ വര്‍ഷവും കേരളീയം നടത്തുമെന്നും തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത് ഓണാഘോഷത്തെ ഇല്ലാതാക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: