തൊടുപുഴ: വെള്ളിയാമറ്റം പഞ്ചായത്തിലെ വനവാസി ഊരുകളില്‍ പട്ടിക വര്‍ഗ വികസന വകുപ്പ് വിതരണം ചെയ്ത ഭക്ഷ്യ സുരക്ഷാ കിറ്റില്‍ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ നല്കിയ കമ്പനിയില്‍ നിന്ന് ഏഴ് ലക്ഷം രൂപ പിഴ ഈടാക്കാന്‍ ഉത്തരവ്.
സ്ഥാപനത്തിലെ ഉടമ ഷിജാസ് പി.എയില്‍ നിന്ന് ഏഴ് ലക്ഷം രൂപ പിഴ ഈടാക്കാനാണ് ഇടുക്കി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഡോ. അരുണ്‍ എസ്. നായര്‍ ഉത്തരവിട്ടത്. ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം തുക ട്രഷറിയില്‍ അടയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കര്‍ക്കടക മാസത്തില്‍ വെള്ളിയാമറ്റം, ഉടുമ്പന്‍ചോല വനവാസി ഊരുകളില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു വെളിച്ചെണ്ണ വിതരണം ചെയ്തത്. കാലാവധി കഴിഞ്ഞ കേരശക്തി വെളിച്ചെണ്ണയാണ് കിറ്റിനൊപ്പം നല്‍കിയത്. ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉപയോഗിച്ചവര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ഇതുപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് കഴിച്ച പലര്‍ക്കും ഭക്ഷ്യവിഷബാധയടക്കം റിപ്പോര്‍ട്ട് ചെയ്തു.
പരാതികളില്‍ തൊടുപുഴ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അന്വേഷണം നടത്തി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫുഡ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് 2006ലെ വകുപ്പ് 50, 51, 52, 61 എന്നിവ പ്രകാരം സ്ഥാപന ഉടമ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ഈടാക്കാന്‍ ഉത്തരവായത്. കാലാവധി കഴിഞ്ഞ എഫ്എസ്എസ്എഐ രജിസ്ട്രേഷന് റദ്ദാക്കാനും ഉത്തരവായി.
ഉടമ ഹാജരാക്കിയ എഫ്എസ്എസ്എഐ രജിസ്ട്രേഷന്റെ കാലാവധി 2024 ജൂണ്‍ അഞ്ചിന് കഴിഞ്ഞതാണെന്നും കണ്ടെത്തി. രജിസ്ട്രേഷനില്‍ പാകം ചെയ്ത ഭക്ഷണം, മത്സ്യവും മത്സ്യ ഉത്പന്നങ്ങളും വില്‍ക്കുന്നതിനുള്ള അനുമതി മാത്രമാണുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: