ഗാസ : ഹിസ്ബുള്ളയ്‌ക്ക് കനത്ത തിരിച്ചടി നൽകി ഇസ്രായേൽ . തെക്കൻ ലെബനനിലെ ഹിസ്ബുള്ള ലക്ഷ്യങ്ങൾ ആക്രമിക്കാൻ തുടങ്ങി സൈന്യം . ലെബനൻ പ്രദേശത്ത് നിന്ന് ഡസൻ കണക്കിന് റോക്കറ്റുകൾ തൊടുത്തുവിട്ടതിന് പിന്നാലെയാണ് ഈ തിരിച്ചടിയെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് 65 ഓളം റോക്കറ്റുകൾ തൊടുത്തുവിട്ടതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഐഡിഎഫ് പറഞ്ഞു. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ സീനിയർ കമാൻഡർ ഫുആദ് ഷുക്കറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഹിസ്ബുള്ള ഇസ്രായേലിന്റെ വടക്കൻ അതിർത്തിയിൽ 200 ലധികം റോക്കറ്റുകളും ഡ്രോണുകളും പ്രയോഗിച്ചിരുന്നു.
അതേസമയം ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതിന് വേണ്ടി മുന്നോട്ട് വയ്‌ക്കുന്ന ഓരോ നിർദ്ദേശങ്ങളും ഹമാസ് തള്ളുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാൻ സാധ്യമായതെല്ലാം താൻ ചെയ്യുന്നുണ്ടെന്നും, എന്നാൽ ഹമാസ് ഓരോ നിർദ്ദേശങ്ങളും തള്ളുകയാണെന്നുമാണ് നെതന്യാഹു പറഞ്ഞത്. അന്തിമ കരാർ നടപ്പിലാക്കാനുള്ള സമയമായെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: