ചെന്നൈ: ശ്രീലങ്കൻ കസ്റ്റഡിയിൽ നിന്ന് മോചിതരായ ഏഴ് മത്സ്യത്തൊഴിലാളികൾ വ്യാഴാഴ്ച ചെന്നൈ വിമാനത്താവളത്തിലെത്തി. ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് രാമേശ്വരത്തും പരിസര പ്രദേശങ്ങളിലുമുള്ള ഏഴ് മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവികസേന ജൂലൈ 23ന് അറസ്റ്റ് ചെയ്തത്.
തുടർന്ന് ഇവരെ ശ്രീലങ്കൻ കോടതിയിൽ ഹാജരാക്കി ജയിലിലടക്കുകയായിരുന്നു. പിന്നീട് കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ഓഗസ്റ്റ് 29 ന് ശ്രീലങ്ക ഇവരെ മോചിപ്പിച്ചു.
നേരത്തെ രാമേശ്വരം തീരത്ത് മത്സ്യബന്ധനത്തിനായി കടലിൽ പോയ എട്ട് ജീവനക്കാരുമായി ഒരു ബോട്ട് ശ്രീലങ്കൻ നാവികസേന ചൊവ്വാഴ്ച പിടികൂടിയതായി രാമേശ്വരം ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു. രാമേശ്വരത്ത് നിന്ന് മത്സ്യബന്ധന ആവശ്യങ്ങൾക്കായി കടലിൽ പോയ 430 യന്ത്രവത്കൃത ബോട്ടുകളുടെ സംഘത്തിന്റെ ഭാഗമായിരുന്നു ബോട്ട്.
എട്ട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന തമിഴ്‌നാട് തീരത്ത് നിന്ന് അറസ്റ്റ് ചെയ്തതായി എഐടിയുസി ഫിഷിംഗ് വർക്കേഴ്‌സ് അസോസിയേഷൻ തമിഴ്‌നാട് സെക്രട്ടറി സിആർ സെന്തിൽവേലും സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികൾ വർഷം മുഴുവനും ശ്രീലങ്കൻ നാവികസേനയുടെ പിടിയിലാകുന്നു.
നിരവധി ബോട്ട് ആക്രമണങ്ങൾ നടന്നിട്ടുണ്ട്. 2 മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടു. ഈ വർഷം മാത്രം 350 മത്സ്യത്തൊഴിലാളികളാണ് അറസ്റ്റിലായത്. അതുകൊണ്ട് തന്നെ മത്സ്യത്തൊഴിലാളികൾക്കിടയിൽ നിരാശയുണ്ടെന്നും സെന്തിൽവേൽ പറഞ്ഞു.
ശ്രീലങ്കൻ നാവികസേനയുടെ പിടിയിലകപ്പെട്ട മറ്റൊരു കൂട്ടം മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനും തിരിച്ചയക്കാനും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ഓഗസ്റ്റ് 10ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: