സന്ദീപ് വാചസ്പതി
എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന വി.ഡി സതീശന്റെ ഉണ്ടയില്ലാ വെടിക്ക് പിറകെയാണ് മാധ്യമങ്ങളെല്ലാം. ഇനി അഥവാ അങ്ങനെ ഒരു കൂടിക്കാഴ്ച നടന്നാല്‍ തന്നെ ആകാശം ഇടിഞ്ഞു വീഴുമോ? സതീശന്റെ തന്നെ അഭിപ്രായത്തില്‍ ആര്‍എസ്എസ് ആണ് രാജ്യം ഭരിക്കുന്നത്. അങ്ങനെ ഉള്ള സംഘടനയുടെ രണ്ടാമനെ ഒരു പോലീസുദ്യോഗസ്ഥന്‍ കണ്ടാല്‍ എന്താണ് സംഭവിക്കുന്നത്? തൃശ്ശൂരില്‍ ഏഴു നിലയില്‍ പൊട്ടിയതിന്റെ ജാള്യം മറയ്‌ക്കാന്‍ ആരുടെയെങ്കിലും പുറത്ത് കുതിര കയറിയാല്‍ മതിയെങ്കില്‍ അതിന് പോലും ഈ ആരോപണം മതിയാവില്ല.
ആര്‍എസ്എസ് നേതാക്കളെ കാണാന്‍ ഐപിഎസ് ഐഎഎസ് ഉദ്യോഗസ്ഥര്‍ മാത്രമല്ല എത്താറുള്ളത്. അംബാസഡര്‍മാര്‍, സേനാ മേധാവികള്‍, ശാസ്ത്രജ്ഞര്‍, വിവിധ മത നേതാക്കള്‍, മന്ത്രിമാര്‍, ഗവര്‍ണ്ണര്‍മാര്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളില്‍ ഉള്ളവര്‍ സംഘ പ്രചാരകന്മാരെയും കാര്യകര്‍ത്താക്കളെയും സന്ദര്‍ശിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യാറുണ്ട്. അതില്‍ ഒരു അസ്വാഭാവികതയും ഇല്ല. കേരളത്തിലെ വയറ്റിപ്പിഴപ്പ് രാഷ്‌ട്രീയക്കാരും മാധ്യമങ്ങളും മാത്രമാണ് അതില്‍ കുഴപ്പം ആരോപിക്കുന്നത്.
രണ്ട് മുന്നണികളുടെയും ദുര്‍ഭരണം മടുത്താണ് ജനം ബിജെപിയുടെ പുരോഗമന നിലപാടുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. അല്ലാതെ ഒരു പൊലീസുകാരന്‍ ചര്‍ച്ച നടത്തിയാല്‍ തൃശൂരിലെ ജനങ്ങളുടെ മനസ് മാറ്റാന്‍ കഴിയും എന്ന ചിന്ത അവരെ വില കുറച്ച് കാണുകയാണ്. തൃശ്ശൂരിലെ പ്രബുദ്ധരായ ജനങ്ങളുടെ ജനാധിപത്യ ബോധത്തെയും സ്വതന്ത്ര ചിന്താഗതിയെയും വെല്ലുവിളിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ ആര്‍എസ്എസിനെ ജനങ്ങളുടെ ശത്രു പക്ഷത്ത് നിര്‍ത്താനുള്ള ഇടത് വലത് നേതാക്കളുടെ നീക്കം രാജ്യം എന്നേ തള്ളിക്കളഞ്ഞതാണ്. ഈ തൊട്ടുകൂടായ്മ മനസ്ഥിതിയും ഫാസിസ്റ്റ് ചിന്താഗതിയുമാണ് ഇരുവരെയും ഉപ്പ് വെച്ച കലം പോലെ ആക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: