ന്യൂദല്‍ഹി: കങ്കണ റണാവത്ത് നടിയാണെങ്കിലും രാഷ്ട്രീയം വിലയിരുത്താനും കൈക്കോട്ടിനെ കൈക്കോട്ടെന്ന് വിളിക്കാന്‍ തന്റേടമുള്ള വ്യക്തിത്വത്തിന് ഉടമയുമാണ്. പക്ഷെ കഴിഞ്ഞ കുറെ മാസങ്ങളായി കങ്കണ റണാവത്തിനെ വേട്ടയാടാന്‍ ഗൂഢാലോചന നടക്കുന്നുണ്ട്. രാഷ്ട്രീയ ഗൂഢാലോചന. കോണ്‍ഗ്രസും അതില്‍ പങ്കാളിയാണെന്ന് സംശയിക്കപ്പെടുന്നു.
കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന ശക്തയായ നേതാവായിരുന്നു സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധിയെ ഗാന്ധി കുടുംബത്തിന്റെ കോട്ടയായ അമേഠിയില്‍ ചെന്ന് തോല്പിക്കുകയും ചെയ്തു. ഇതോടെ ഗാന്ധി കുടുംബത്തിന് തന്നെ അവരോട് പകയായി. അതിന് ശേഷമാണ് സ്മൃതി ഇറാനിയെ വേട്ടയാടാനുള്ള നീക്കം ശത്രുക്കള്‍ ആരംഭിച്ചത്. ഇതില്‍ എന്തായാലും കോണ്‍ഗ്രസും പങ്കാളിയാണെന്ന് സംശയിക്കപ്പെടുന്നു. സ്മൃതി ഇറാനിയെ 2022 ഏപ്രില്‍ ഒമ്പതിന് ദല്‍ഹിയില്‍ നിന്നും ഗുവാഹതിയിലേക്ക് പോകുന്ന വിമാനത്തില്‍വെച്ച് തടഞ്ഞ് നിര്‍ത്തി മഹിളാ കോണ്‍ഗ്രസ് ആക്ടിങ് അധ്യക്ഷയായ നെറ്റ ഡിസൂസ പെട്രോള്‍ വില വര്‍ധനവിനെക്കുറിച്ച് ആക്രോശിച്ചത്. ഒരു തീവ്രവാദപ്രവര്‍ത്തനത്തിന്റെ മിനിയേച്ചര്‍ രീതിയായിരുന്ന അന്ന് വിമാനത്തില്‍ അരങ്ങേറിയത്. കേന്ദ്ര ശിശുക്ഷേമവകുപ്പ് മന്ത്രിയായിരിക്കുന്ന സ്മൃതി ഇറാനിയെയാണ് ബന്ദിയാക്കുന്നതുപോലെ മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച് നെറ്റ ഡിസൂസ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. ബിജെപിയും കേന്ദ്രസര്‍ക്കാരും ഈ പെരുമാറ്റ രീതിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നെറ്റ ഡിസൂസയെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു.
പിന്നീട് 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രണ്ടാം വിജയം ലാക്കാക്കി ഇറങ്ങിയ സ്മൃതി ഇറാനിയെ പച്ചയായി വര്‍ഗ്ഗീയതയും നുണയും അഴിച്ചുവിട്ട് കോണ്‍ഗ്രസ് വീഴ്ത്തിയത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് എന്‍ജിഒയും കമ്മ്യൂണിസ്റ്റുകാരും ഇസ്ലാമിക വര്‍ഗ്ഗീയ സംഘടനകളും ആസൂത്രിതമായി കൂട്ട് നിന്നു. ബിജെപിയ്ക്കെതിരെ പച്ചയായ വര്‍ഗ്ഗീയത വീട് വീടാന്തരം പ്രചരിപ്പിച്ചത് ബിജെപിക്ക് വോട്ട് ചെയ്തിരുന്ന മുസ്ലിങ്ങളുടെ വോട്ട് വരെ എതിരാക്കി. മാത്രമല്ല, സ്മൃതിയുടെ വിമര്‍ശനം കൂടുതലും രാഹുല്‍ ഗാന്ധിയെ കേന്ദ്രീകരിച്ചുള്ളതായതിനാല്‍, എതിരാളിയായി ഗാന്ധി കുടുംബത്തിന്റെ മാനേജരായ കെ.എല്‍ ശര്‍മ്മ വന്നപ്പോള്‍ ബിജെപി പ്രവര്‍ത്തകരുടെ ആവേശം കുറഞ്ഞതും കോണ്‍ഗ്രസിന് അനുകൂലമായി. പഞ്ചസാര കിലോയ്ക്ക് 13 രൂപയ്ക്ക് നല്‍കാമെന്ന് സ്മൃതി ഇറാനി ഉറപ്പുനല്‍കിയിരുന്നു എന്ന ഒരു കള്ളപ്രചാരണം അമേഠിയില്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. പ്രിയങ്ക ഗാന്ധിയും ആ കള്ളപ്രചാരണത്തിന് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഈ വിഷയം കോണ്‍ഗ്രസ് വൈറലാക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദി സ്മൃതി ഇറാനിയുടെ പ്രചാരണത്തിന് എത്തിയതേയില്ല. കാരണം സ്മൃതി വന്‍ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് മോദിയും കണക്കുകൂട്ടി. ഏകദേശം 1.60 ലക്ഷം വോട്ടുകള്‍ക്കാണ് സ്മൃതി ഇറാനി തോറ്റത്. വലിയ തോല്‍വി. പക്ഷെ പിന്നില്‍ എത്രയോ കാലമായി നടന്നുകൊണ്ടിരുന്ന ഗൂഢാലോചന തന്നെ.
ഏതാണ്ട് ഇതേ രീതിയാണ് കങ്കണയ്ക്കും എതിരെ എതിരാളികള്‍ പ്രയോഗിക്കുന്നത്. ചണ്ഡീഗഢ് എയര്‍പോര്‍ട്ടില്‍ വെച്ച് സിഐഎസ് എഫ് ഉദ്യോഗസ്ഥയെക്കൊണ്ട് കങ്കണയെ തല്ലിച്ചത് ആരാണ്? ഇതേ ഗൂഢശക്തികള്‍ തന്നെ. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയെ നിഷ്പ്രഭനാക്കുന്ന വിമര്‍ശനങ്ങളാണ് കങ്കണ നടത്തുന്നത്. മൂര്‍ച്ചയേറിയ ആ നാവ് നിശ്ശബ്ദമാക്കാനുള്ള ശ്രമത്തിലാണ് എതിരാളികള്‍.
കങ്കണ എംപി ആയി വിജയിച്ച് പാര്‍ലമെന്റില്‍ എത്തരുതെന്ന് കോണ്‍ഗ്രസിന് തിട്ടൂരമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഏറ്റവും ശക്തയായ സ്ഥാനാര്‍ത്ഥിയെ കങ്കണയ്ക്കെതിരെ നിര്‍ത്തി. രാജകുടുംബത്തില്‍ നിന്നുള്ള വിക്രമാദിത്യ സിംഗിനെത്തന്നെയാണ് കോണ്‍ഗ്രസ് ഇറക്കിയത്. ശക്തമായ പ്രചാരണത്തിന് നേതാക്കള്‍ കൂട്ടത്തോടെ എത്തി. എന്നിട്ടും കങ്കണയെ വീഴ്ത്താനായില്ല. 74,755 വോട്ടുകള്‍ക്ക് കങ്കണ വിജയിച്ചു.
പക്ഷെ ശത്രുക്കള്‍ വിടുന്നില്ല. ഇപ്പോള്‍ എമര്‍ജന്‍സി എന്ന ഇന്ദിരാഗാന്ധിയെ കേന്ദ്രകഥാപാത്രമാക്കിയ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള കങ്കണയുടെ സിനിമയുടെ റിലീസ് മരവിപ്പിക്കുന്നതിലേക്ക് എത്തിച്ചത് ആസൂത്രിതനീക്കമാണ്. ആരും സംശയിക്കാത്ത അതിഗൂഢനീക്കം അതിന് പിന്നിലുണ്ട്. ഇന്ദിരാഗാന്ധിയെ വിമര്‍ശിക്കുന്നു എന്നതിന് പ്രാധാന്യം നല്‍കാതെ, സിഖുകാരുടെ വികാരം വ്രണപ്പെടുത്തുന്നു എന്ന രീതിയിലേക്ക് സിനിമയ്ക്കെതിരായ പ്രചാരണം മാറ്റി. അത് ഏറ്റു. കാരണം ബിജെപിയ്ക്കും സിഖുകാര്‍ പ്രധാനമാണ്. സിനിമയില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിഖ് വികാരം ഇളക്കിയത്. മോദിയ്ക്കെതിരെ ഖലിസ്ഥാന്‍ വാദികളെ ഇളക്കിവിടുന്നതുപോലെ. എമര്‍ജന്‍സി എന്ന സിനിമ ഏറെ പണച്ചെലവുള്ള സിനിമയാണ്. സിനിമ പൂര്‍ത്തിയാക്കുന്നതിനായി ബാന്ദ്രയിലെ വീട് വില്‍ക്കേണ്ടിവന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മണികര്‍ണ്ണികാ ഫിലിംസ് എന്ന സ്വന്തം സിനിമാനിര്‍മ്മാണക്കമ്പനിയുടെ ഓഫീസായി പ്രവര്‍ത്തിച്ചതാണ് ഈ വീട്. എമര്‍ജന്‍സി എന്ന സിനിമയുടെ ട്രെയിലര്‍ തന്നെ പലരെയും, പ്രത്യേകിച്ച് കോണ്‍ഗ്രസിനെ ഞെട്ടിച്ചു കളഞ്ഞു. അത്രയ്ക്ക് ശക്തമായിരുന്നു ട്രെയിലര്‍. ജനങ്ങള്‍ സ്വാധീനിക്കാന്‍ സാധ്യതയുള്ള സിനിമ എന്ന ഭയം കങ്കണയുടെ എതിരാളികള്‍ക്ക് ഉണ്ടായിരിക്കണം. ഈ സിനിമ പുറത്തിറങ്ങാതിരുന്നാല്‍ അടിയന്തരാവസ്ഥയുടെ പേരില്‍ കോണ്‍ഗ്രസിന് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരില്ല. രണ്ടാമത്, കങ്കണയുടെ ധനകാര്യ സ്രോതസ്സിന് പരിക്കേല്പിക്കാന് സാധിക്കും. വരുമാനം തടസ്സപ്പെട്ടാല്‍ കങ്കണ മെല്ലെ നിശ്ശബ്ദയായിക്കൊള്ളും എന്നാണ് എതിരാളികള്‍ കണക്കുകൂട്ടുന്നത്. ഇനിയും എന്തൊക്കെയാണ് എതിരാളികള്‍ ആസൂത്രണം ചെയ്തിരിക്കുന്ന ആയുധങ്ങള്‍ എന്നറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: