റായ്പൂര്‍: ഏറ്റുമുട്ടലില്‍ ഒന്‍പത് മാവോയിസ്റ്റുകളെ വധിച്ച സുരക്ഷാസേനയെ അഭിനന്ദിച്ച് ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേബ് സായ്. എക്സിലൂടെയാണ് മുഖ്യമന്ത്രി സൈനികര്‍ക്ക് അഭിനന്ദനം അറിയിച്ചത്.
ദന്തേവാഡ, ബിജാപൂര്‍ ജില്ലകളിലെ അതിര്‍ത്തി പ്രദേശത്ത് ഡിആര്‍ജിയും സിആര്‍പിഎഫും സംയുക്തമായി നടത്തിയ മാവോയിസ്റ്റ് വിരുദ്ധ ദൗത്യത്തില്‍ ഇതുവരെ ഒന്‍പത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇതോടൊപ്പം ബിജാപൂര്‍ ജില്ലയില്‍ 13 സജീവ മാവോയിസ്റ്റുകളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായും വാര്‍ത്തകള്‍ ലഭിച്ചു. ഇത് തീര്‍ച്ചയായും സുരക്ഷാ സേനയുടെ വലിയ വിജയമാണ്. ഈ ദൗത്യത്തില്‍ പങ്കെടുത്ത എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സൈനികരുടെയും ധീരതയെ അഭിനന്ദിക്കുന്നു. നക്സലിസത്തിന്റെ അവസാനം വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ഛത്തിസ്ഗഡ് സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാവോയിസ്റ്റുകള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. 2026 ആവുന്നതോടെ സംസ്ഥാനത്തെ മാവോയിസ്റ്റ് മുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് ബസ്തറില്‍ സുരക്ഷാ സൈന്യം ഒന്‍പത് മാവോയിസ്റ്റുകളെ വധിച്ചത്.
അമിത് ഷായുടെ സന്ദര്‍ശന വേളയില്‍ ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേബ് സായ്, ഛത്തിസ്ഗഡിലെയും അയല്‍ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. മാവോയിസ്റ്റ് സാന്നിധ്യമുള്ള ഒന്‍പത് സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനങ്ങളുടെ പുരോഗതിയും അമിത് ഷാ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: