ബെംഗളൂരു: ബെംഗളൂരു – മധുര റൂട്ടിലെ വന്ദേ ഭാരത് ട്രെയിൻ എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചു. തിരുച്ചിറപ്പള്ളിയിലെ ട്രെയിൻ യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമാണ് ഈ റൂട്ടിലെ വന്ദേ ഭാരതിന്റെ വരവോടെ നിറവേറ്റപ്പെടുന്നത്. മധുരയ്‌ക്കും ബെംഗളൂരു കന്‍റോൺമെന്‍റിനുമിടയിൽ തിരുച്ചി വഴി വന്ദേ ഭാരത് എക്‌സ്പ്രസ് ആരംഭിച്ചതോടെ തിരുച്ചിയിലെ റെയിൽവേ യാത്രക്കാർക്ക് ബെംഗളൂരുവിലേക്ക് പകൽ സമയ ട്രെയിൻ ലഭിക്കും.
മധുരയിൽ നിന്ന് രാവിലെ 5.15ന് പുറപ്പെടുന്ന വന്ദേ ഭാരത് 7 മണിക്കൂർ 45 മിനിട്ടിനുള്ളിൽ ഉച്ചയ്‌ക്ക് ഒരു മണിക്ക് ബെംഗളൂരുവിൽ എത്തും. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. എസി ചെയർ കാറിന് 1575 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2865 രൂപയുമാണ് നിരക്ക്. എസി ചെയർ കാറിൽ 1068 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിൽ 2194 രൂപയുമാണ് അടിസ്ഥാന നിരക്ക്.
ബെംഗളുരു-മധുര വന്ദേ ഭാരത് (20672) ട്രെയിൻ കന്‍റോൺമെന്‍റ് റെയില്‍വേ സ്റ്റേഷനിൽ നിന്ന് ഉച്ചകഴിഞ്ഞ് 1.30ന് പുറപ്പെട്ട് രാത്രി 9.45 ന് മധുരയിൽ എത്തും. 586 കിമി ദൂരം 8 മണിക്കൂർ 15 മിനിറ്റ് സമയം കൊണ്ടാണ് വന്ദേ ഭാരത് ഈ റൂട്ടിൽ പിന്നിടുന്നത്. സേലം, തിരുച്ചിറപ്പള്ളി എന്നീ സ്റ്റേഷനുകളിൽ 5 മിനിറ്റ് വീതവും ബാക്കിയുള്ള സ്റ്റേഷനുകളിൽ 2 മിനിറ്റുമാണ് നിർത്തുന്ന സമയം. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.
ബെംഗളൂരു – മധുര യാത്രയ്‌ക്ക് എസി ചെയർ കാറിന് 1740 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 3060 രൂപയുമാണ് നിരക്ക്. ഭക്ഷണം, രിസർവേഷൻ ചാര്‍ജ്, സൂപ്പർഫാസ്റ്റ് ചാർജ്, ജിസ്ടി, എന്നിവയടക്കമാണ് ഈ നിരക്ക്. അതേസമയം എസി ചെയർ കാറിന് 1067 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2195 രൂപയുമാണ് അടിസ്ഥാന നിരക്ക്. എട്ട് കോച്ചുകളിലായാണ് ട്രെയിൻ സർവീസ് നടത്തുക.
കഴിഞ്ഞ ദിവസം നാഗര്‍കോവില്‍ – ചെന്നൈ വന്ദേ ഭാരതിനൊപ്പമാണ് ബെംഗളൂരു- മധുര വന്ദേ ഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തത്. തെക്കന്‍ കേരളത്തിലുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന സര്‍വീസാണ് നാഗര്‍കോവില്‍ – ചെന്നൈ സര്‍വീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: