ധര്‍മ്മ ഏവ ഹതോ ഹന്തി ധര്‍മോ രക്ഷതി രക്ഷിത: (മനുസ്മൃതി 8-15)
ഹനിക്കപ്പെടുന്ന ധര്‍മ്മം നമ്മെ ഹനിക്കുന്നു. രക്ഷിക്കപ്പെടുന്ന ധര്‍മ്മം രക്ഷിക്കുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം. അതുകൊണ്ടു മനസാ, വാചാ, കര്‍മ്മണാ, ധര്‍മ്മത്തെ പാലിച്ചാല്‍ മാത്രമേ, വ്യവസ്ഥിതിയും, പരിസ്ഥിതിയും പുരോഗതിയെ തുണക്കുകയുള്ളു. ധര്‍മ്മത്തില്‍ അടിസ്ഥാനപ്പെടുത്തിയ സമഗ്ര വികസനമാണ് വാസ്തവത്തില്‍ സുസ്ഥിര വികസനം. സുസ്ഥിര വികസനത്തില്‍ പരിസ്ഥിതി സംരക്ഷണവും വികസന നയങ്ങളും പരസ്പര പൂരിതമാകണം.
പഞ്ചഭൂതങ്ങള്‍
ഭാരതീയ പ്രപഞ്ച ശാസ്ത്രം വളരെ അഗാധവിസ്തൃതമാണ്. സൃഷ്ടി സൂക്ത പ്രകാരം സൃഷ്ടി-സ്ഥിതി-സംഹാര ചക്രങ്ങളില്‍ വിഹരിക്കുന്നതാണ് നമ്മുടെ പ്രപഞ്ച ശാസ്ത്രം. സൃഷ്ട്യുത്പത്തി, വിശ്വോത്പത്തി, വിശ്വനിര്‍മ്മിതി എന്നീ ക്രമത്തിലാണവ വിശദീകരിച്ചിരിക്കുന്നത്. ക്രമസൃഷ്ടിയെന്നും (Creation with an order), അക്രമ സൃഷ്ടിയെന്നും (creation from disorder) രണ്ടായി സൃഷ്ടിയെ വിവരിക്കുന്നു. ഋഗ്വേദത്തിലെ അദിതി, പുരുഷ, സ്‌ക്കീഭ, ഹിരണ്യഗര്‍ഭ സൂക്തങ്ങളിലും പുരാണേതിഹാസങ്ങളിലും സൃഷ്ടിയെ കുറിച്ച് പരാമര്‍ശമുണ്ട്.
ആധുനിക ശാസ്ത്രത്തിനു സൃഷ്ടിയെ കുറിച്ച് വ്യക്തമായുള്ള ധാരണയില്ല.ബിഗ് ബാങ്ങും ബിഗ് ബൗണ്‍സും ആണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള സിദ്ധാന്തങ്ങള്‍. സൗരയുഥം തൊട്ടു നമുക്ക് ഏകദേശ ധാരണയുണ്ട്. ഭൂഗോളമെന്ന പദം നമുക്കന്യമല്ല. സൂര്യ, ചന്ദ്ര,ചൊവ്വ, ബുധ, ശുക്ര, വ്യാഴമെല്ലാം ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെയും, ജ്യോതിഷത്തിന്റെയും ഭാഗമാണ്. അതുകൊണ്ടു ഭൂമിയെയും അതിന്റെ സ്ഥിതിയെയും ഇവിടെ ജീവിത നിലനില്‍പ്പിന്റെ പഠനമായി വികസനത്തെയും പരിസ്ഥിതിയെയും കാണുന്നതാണ് കൂടുതല്‍ പ്രായോഗികം.
അഞ്ചു ഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട പ്രപഞ്ചത്തില്‍ ഭൂമിയും ഉള്‍പ്പെടും. പഞ്ചഭൂതങ്ങളായ ആകാശം, വായു, അഗ്‌നി, ജലം, പൃഥ്വി എന്നിവയുടെ ആനുപാതിക സംയോഗമാണ് നമ്മുടെ ഭൂമിയും പ്രപഞ്ചവും. ഈ സ്ഥിതി പ്രത്യേക അനുപാതത്തില്‍ അധിഷ്ഠിതമാണ്. മനുഷ്യന്റെ ഇടപെടല്‍ മൂലം ഈ അനുപാതത്തിനു കോട്ടം സംഭവിച്ചിരിക്കുന്നു. അതിനെ മനസ്സിലാക്കുന്നതാണ് ഭാരതീയ പരിസ്ഥിതി ശാസ്ത്രത്തിന്റെ അടിസ്ഥാനം. പഞ്ചദശിയെന്ന ഗ്രന്ഥത്തില്‍ പഞ്ചീകരണത്തിലൂടെയുള്ള പ്രപഞ്ചസൃഷ്ടി വിശദീകരിക്കുന്നുണ്ട്.
ഭൂമി
ഭാരതീയ ദര്‍ശനമനുസരിച്ചു, സൃഷ്ടിയുടെ അടിസ്ഥാന ഘടകങ്ങള്‍ അഞ്ചെണ്ണമാണ്. ആകാശം അഥവാ ഇടം (space), വായു (Air), അഗ്‌നി (Light/ Heat/Energy), ജലം (ണമലേൃ), പൃഥ്വി (Ear-th/matter) എന്നിവയാണ് പ്രപഞ്ച നിര്‍മ്മാണ വസ്തുക്കള്‍. ഇവയുടെ പ്രത്യേക അനുപാത സാന്നിധ്യമാണ് പ്രപഞ്ച വസ്തുക്കളെയും, പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത്. പഞ്ചഭൂതാനുപാതം ഉണ്ടാക്കുന്ന താളത്തിലാണ് സൂര്യന്‍ ഉദിക്കുന്നതു, നക്ഷത്രങ്ങള്‍ തിളങ്ങുന്നതും ചന്ദ്രന്‍ വിളങ്ങുന്നതുമെല്ലാം.
ഈ താളക്രമത്തെ ഋതമെന്നാണ് ഋഷികള്‍ വിളിച്ചത്. ഋതത്തിനനുസരിച്ചു മനുഷ്യനൊഴികെയുള്ള ജീവജാലങ്ങള്‍ ജീവിച്ചു മരിക്കുന്നു. മനുഷ്യന്‍ വിശേഷബുദ്ധികൊണ്ട് പ്രകൃതിയില്‍ താളഭംഗങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്‍കൂട്ടിയറിഞ്ഞ ഭാരതീയ ഋഷിവര്യന്മാര്‍ അതുകൊണ്ടു മനുഷ്യനായി ചില വ്രതങ്ങള്‍ കല്‍പ്പിച്ചു. സത്യം പറയുക, ധര്‍മ്മം പ്രവര്‍ത്തിക്കുക, സ്‌നേഹം പുലര്‍ത്തുക, നീതി നടപ്പാക്കുക, കാരുണ്യം കാണിക്കുക, ആര്‍ത്തി ഉപേക്ഷിക്കുക, ഹിംസ വര്‍ജ്ജിക്കുക ഇവയൊക്കെയാണ് ഈ വ്രതങ്ങള്‍. ഇവ പാലിച്ച് ജീവിച്ചാല്‍,പ്രകൃതി ഇണങ്ങും, മറിച്ചായാല്‍ പിണങ്ങും. പ്രകൃതി പിണങ്ങുമ്പോഴാണ് ദുരന്തങ്ങള്‍ ഉണ്ടാകുന്നത്. പ്രകൃതിയെ പിണക്കുന്ന ഒരേ ഒരു ജീവി വര്‍ഗ്ഗം മനുഷ്യനാണ്.
‘സത്യം ബൃഹത് ഋതമുഗ്രം ദീക്ഷാ തപോ
ബ്രഹ്മയജ്ഞ: പൃഥ്വീ ധാരയന്തി
നാനോ ഭൂതസ്യ ഭവ്യസ്യ പത്‌നയൂരും
ലോകം പൃഥ്വീ ന കുനോതു’ (അഥര്‍വം: 12.1.1)
സത്യം, ഋതം, തപസ്സ്, ദീക്ഷ, ജ്ഞാനം, യജ്ഞം എന്നിവയാല്‍ ഭൂമിയെ സംരക്ഷിക്കുക. ഈ ഭൂമി നമ്മുടെ ഭൂതവും ഭാവിയും ജീവിതവും സംരക്ഷിക്കുന്നു. പഞ്ചഭൂത സന്തുലിതാവസ്ഥക്കു കോട്ടംതട്ടാതെ, മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട്, മറ്റു
ജീവികള്‍ക്ക് ഉപദ്രവമുണ്ടാക്കാതെ ജീവിക്കുന്നതാണ് വേദാനുസൃത ജീവിതം.
യാസ്ത ഊര്‍ജ്ജ സ്തത്വഃ സംഭ ഭൂവഃ
താസുനോ ധേ ഹ്യഭി നഃ പവസ്വ
മാതാ ഭൂമി: പുത്രോ അഹം
പൃഥിവ്യാഃ
പര്‍ജ്ജന്യ പിതാഃ സ ഉനഃ വിപ്രതു’ (അഥര്‍വ്വം, 12.1.12)
ഭൂമിയുടെ മധ്യത്തില്‍ സ്വര്‍ണ്ണാദിയായ ധാതുക്കളുണ്ട്. ഭൂമിയില്‍ നിന്നാണ് അന്നങ്ങളും രസങ്ങളുമുണ്ടാകുന്നത്. അവയെക്കൊണ്ട് ഭൂമി നമ്മെ പരിപാലിക്കുന്നു. ഭൂമി മാതാവാണ്, ഞാന്‍ ഭൂമിയുടെ പുത്രനാണ്. പര്‍ജ്ജന്യം പിതാവാണ്. ഇവര്‍ എന്നെ രക്ഷിക്കുന്നു എന്നര്‍ത്ഥം
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: