നടി റിമ കല്ലിംഗലിന്റെ വീട്ടിൽ ലഹരിപാർട്ടി നടത്താറുണ്ടെന്ന ഗായിക സുചിത്രയുടെ വെളിപ്പെടുത്തലിൽ രൂക്ഷ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആഷിക് അബുവും റീമാ കല്ലിങ്കലും ചേർന്ന് കൊച്ചിയിൽ മയക്കുമരുന്നു പാർട്ടി നടത്തുകയും നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തു എന്ന ഗൗരവതരമായ ആരോപണമുണ്ടായിട്ടും കേരളത്തിൽ ഇത് വലിയ ചർച്ചയാവാതെ പോയത് എന്തുകൊണ്ടെന്ന ചോദ്യമാണ് കെ സുരേന്ദ്രൻ ഉയർത്തുന്നത്.
സംഭവത്തിൽ സർക്കാരിനൊപ്പം മൗനം പാലിക്കുന്ന പ്രതിപക്ഷത്തെയും ബിജെപി സംസ്ഥാന അധ്യക്ഷൻ വിമർശിക്കുന്നുണ്ട്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നടി റിമ കല്ലിംഗലിന്റെ വീട്ടിൽ ലഹരിപാർട്ടി നടത്താറുണ്ടെന്ന ഗായിക സുചിത്രയുടെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള കെ സുരേന്ദ്രന്റെ പ്രതികരണം.
കെ സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ആഷിക് അബുവും റീമാ കല്ലിങ്കലും ചേർന്ന് കൊച്ചിയിൽ മയക്കുമരുന്നു പാർട്ടി നടത്താറുണ്ടെന്നും ഈ പാർട്ടിക്കിടയിൽ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടെന്നും ഒരു യുവഗായിക ഉന്നയിച്ച ആരോപണം എന്തുകൊണ്ടാണ് കേരളത്തിൽ വലിയ വാർത്തയും കോലാഹലവുമാവാതെ പോയതെന്നുള്ളത് ഏവരേയും ഇരുത്തി ചിന്തിപ്പിക്കുന്ന കാര്യമാണ്. ഒരു തുമ്പും വാലുമില്ലാതെ പറഞ്ഞ പല ആരോപണങ്ങളും ആഴ്ചകളോളം ചർച്ച ചെയ്ത മാധ്യമങ്ങളും എന്തേ ഇത് വിട്ടുകളഞ്ഞത്?
മട്ടാഞ്ചേരി മാഫിയാസംഘത്തെക്കുറിച്ച് നേരത്തെ ഉയർന്ന ആരോപണങ്ങളും ഇതുപോലെ ലാഘവത്തോടെയാണ് പലരും കണ്ടത്. പ്രതിപക്ഷത്തുള്ള കോൺഗ്രസ്സും ലീഗും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതെന്തുകൊണ്ട്? എല്ലാ കാര്യത്തിലും കാടടച്ചുവെടിവെക്കുന്ന പ്രതിപക്ഷനേതാവിന്റെ സ്വന്തം നാട്ടിൽ ഉയർന്ന ഈ ആരോപണം എന്തുകൊണ്ടായിരിക്കും അദ്ദേഹവും തമസ്കരിച്ചതെന്നറിയാൻ കേരളം ആഗ്രഹിക്കുന്നു. എൻ. സി. ബി യും കേരളത്തിലെ പൊലീസ് ഏജൻസികളും ഇക്കാര്യം സമഗ്രമായി അന്വേഷിക്കണം. അമാന്തം തുടർന്നാൽ നിയമനടപടികൾ തുടങ്ങുമെന്ന് അധികൃതരെ ഓർമ്മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: