തിരുവനന്തപുരം: കവടിയാറില്‍ നിര്‍മിക്കുന്ന കൊട്ടാര സമാനമായ വീട് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം. ആര്‍. അജിത്കുമാറിന്റേതു തന്നെ. അന്‍വറിന്റെ ആരോപണം ശരിവയ്‌ക്കുന്ന തെളിവുകള്‍ ജന്മഭൂമിക്ക്. കവടിയാര്‍ കൊട്ടാരത്തിന് പിന്നില്‍ ഗോള്‍ഫ് ക്ലബിന് സമീപം 10 സെന്റു വാങ്ങിയത് കോടികള്‍ മുടക്കി. നിര്‍മിക്കുന്നത് മൂന്ന് നിലയില്‍ കൊട്ടാരസമാനമായ മണിമാളിക. പ്ലാനില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എം.ആര്‍. അജിത്കുമാര്‍ ഐപിഎസ് എന്ന്. നിര്‍മാണം നടക്കുന്നത് എം.ആര്‍. അജിത്കുമാറിനു വേണ്ടി തന്നെയെന്ന് സ്ഥിരീകരിച്ച് നിര്‍മാണ കമ്പനിയുടെ വെബ്‌സൈറ്റ്.
കവടിയാറില്‍ ഗോള്‍ഫ് ക്ലബിന് പുറകിലായി കവടിയാര്‍ പാലസ് അവന്യൂവിലാണ് 10 സെന്റ് ഭൂമിയില്‍ മണിമാളിക ഉയരുന്നത്. തലസ്ഥാനത്ത് ഭൂമിക്ക് ഏറ്റവും വില കൂടുതലുള്ള ഭാഗമാണിത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫ് അലി അടക്കമുള്ള വന്‍കിട ബിസിനസുകാരാണ് സ്ഥലത്ത് ഭൂമി വാങ്ങിയിട്ടുള്ളത്. ഒരു കോടിയോളം അടുത്താണ് സെന്റിന് വില. അങ്ങനെയുള്ളയിടത്ത് 10 സെന്റ് ഭൂമി വാങ്ങുക എന്നത് സാധാരണ ഒരു ഐപിഎസ് ഉദ്യോസ്ഥന് സാധ്യമല്ല. മൂന്ന് നിലയിലാണ് മണിമാളികയുടെ നിര്‍മാണം. 6000 സ്‌ക്വയര്‍ മീറ്ററിന് മുകളിലാണ് വീടിന്റെ പ്ലാന്‍. ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങള്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താഴെ ഭൂമിക്കടിയില്‍ പാര്‍ക്കിങ്. അതിനു മുകളില്‍ രണ്ട് നിലകളിലായാണ് കൊട്ടാര രൂപത്തില്‍ വീട് നിര്‍മിക്കാന്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. ആദ്യനിലയുടെ പൈലിങ് ഉള്‍പ്പെടെ കഴിഞ്ഞ് പില്ലറുകള്‍ പൊങ്ങിക്കഴിഞ്ഞു.
പ്ലാനില്‍ പ്രോജക്ട് ടൈറ്റില്‍ എന്നതില്‍ ‘റസിഡന്‍്‌സ് ഫോര്‍ മിസ്റ്റര്‍ എം.ആര്‍. അജിത്കുമാര്‍’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചാക്ക ആസ്ഥാനമായുള്ള ‘ടഠഞകഅ’ എന്ന ആര്‍ക്കിടെക്ട് കമ്പനിയാണ് നിര്‍മ്മാണം. കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രോജക്ടുകളില്‍ എഡിജിപി അജിത്കുമാറിന്റെ വീടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീട് നിര്‍മാണം നടത്തുന്നതിന്റെ വിശദ വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂമിപൂജയും അജിത്കുമാറും ഭാര്യയും മകനും ചേര്‍ന്ന് തറക്കല്ലിടുന്നതും ഉള്‍പ്പെടെ ചിത്രങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. വീട് നിര്‍മാണം വിലയിരുത്താനും മേല്‍നോട്ടം വഹിക്കാനും അജിത്കുമാര്‍ എത്താറുണ്ടെന്ന് സമീപവാസികളും സാക്ഷ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: