കൊച്ചി: തന്റെ പ്ലസ്ടു പഠനകാലത്തെ ഏറ്റവും ഗ്ലാമറസായ ജോലിയായിരുന്നു നഴ്സിങ്ങെന്നും ഹോക്കിയിലെത്തിയില്ലായിരുന്നുവെങ്കില് സഹോദരനെ പോലെ തന്നെ ആ മേഖലയിലേക്ക് എത്തി വിദേശത്തേക്ക് പോകുമായിരുന്നുവെന്നും ഒളിംപ്യന്‍ പി.ആര്. ശ്രീജേഷ്. കൊച്ചി റീജിയണല്‍ സ്പോര്‍ട്ട് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കുട്ടികളും സ്പോര്‍ട്സ് താരങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ എല്ലാ ചോദ്യങ്ങള്‍ക്കും തമാശയും ഗൗരവവും കലര്‍ത്തിയുള്ള മറുപടിയാണ് അദ്ദേഹം നല്‍കിയത്. ഇതോടെ ചോദ്യങ്ങളുമായി കുട്ടികളും മത്സരിച്ചു. കായിക താരങ്ങളും തങ്ങളുടെ സംശയങ്ങളും ഓരോ മത്സരങ്ങളിലും തങ്ങള്‍ക്കുണ്ടാകുന്ന വിഷമസന്ധികളും ഏത് തരത്തില്‍ മറികടക്കുമെന്ന ചോദ്യങ്ങളും അദ്ദേഹവുമായി പങ്കുവെച്ചു. വീട്ടുകാരുടേതടക്കം ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് താന്‍ ഹോക്കിയിലേക്ക് എത്തിയതെന്ന് ശ്രീജേഷ് പറഞ്ഞു.
പിന്നീട് താനായിരുന്നു ശരിയെന്ന് തെളിയിക്കാനുള്ള വലിയ ശ്രമങ്ങള്‍ തന്നെ വേണ്ടിവന്നു. ഇതിനായി വര്‍ഷങ്ങള്‍ നീണ്ട കഠിന പ്രയ്തനം നടത്തി. താന്‍ കോളേജിലേക്ക് എത്തുമ്പോള്‍ സംസ്ഥാന തലത്തില്‍ മത്സരിക്കാനായി ആളില്ലാത്ത ഇനം നോക്കിയാണ് ഹോക്കി തെരഞ്ഞെടുത്തത്. മറ്റിനങ്ങളിലെല്ലാം പ്രമുഖരെ തട്ടിയിട്ട് അടുക്കാനായില്ല. 5 വര്‍ഷം തുടര്‍ച്ചായി കളിച്ച ശേഷമാണ് ഹോക്കിയെ പ്രണയിക്കാന്‍ തുടങ്ങിയത്. നിലവില്‍ തുടരുന്ന പരിശീലനത്തിന്റെ 100 മടങ്ങ് പ്രയ്തനം കൂടി ഉണ്ടെങ്കില്‍ മാത്രമേ അന്തര്‍ദേശീയ തലത്തില്‍ മത്സരക്കാനാകൂവെന്ന് സംസ്ഥാന- ദേശീയ മെഡല്‍ ജേതാക്കളായ കുട്ടികളോട് അദ്ദേഹം പറഞ്ഞു.
താനും തന്റെ ടീമും മത്സരിച്ചിട്ടുള്ള കളികളില്‍ കൂടുതലും തോല്വിയാണുണ്ടായിട്ടുള്ളത്. എന്നാല്‍ നിര്‍ണായകമായ പല മത്സരങ്ങളിലും പിന്നീട് തങ്ങള്‍ക്ക് ജയിക്കാനായി. തോല്‍വി ഭയന്ന് പിന്നോട്ട് പോയാല്‍ ഒരിക്കലും പിന്നീട് തിരിച്ചുവരാനാകില്ല. പലപ്പോഴും മത്സരങ്ങള്‍ക്കിടെ വലിയ പ്രതിസന്ധികളും തോല്‍വികളും കളിയാക്കലുകളും ഉണ്ടാകാം. എന്നാല്‍ ഇതോര്‍ത്ത് വിഷമിക്കാതെ മുമ്പുണ്ടായിട്ടുള്ള പോസിറ്റീവായിട്ടുള്ള കാര്യങ്ങള്‍ ഓര്‍ക്കുക. കളിക്കുന്ന സമയത്ത് മറ്റെല്ലാം മറന്ന് നന്നായി മത്സരങ്ങളില്‍ പങ്കെടുക്കണമെന്നും പിന്നീട് അതോര്‍ത്ത് വിഷമിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സംവാദത്തിന് ശേഷം കുട്ടികള്‍ ഓട്ടോഗ്രാഫിനായി അദ്ദേഹത്തെ പൊതിഞ്ഞു. ഒളിംപിക് മെഡലും കുട്ടികള്‍ക്ക് കാണാനായി അദ്ദേഹം നല്കി. ഇതിനൊപ്പം സെല്‍ഫിയും ഫോട്ടോയും എടുക്കാന്‍ കുട്ടികളും മുതിര്‍ന്നവരും മത്സരിച്ചു. എല്ലാവര്ക്കും സമയം നല്കിയ ശേഷമാണ് ശ്രീജേഷ് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: