തിരുവനന്തപുരം: കേരളത്തില്‍ നിന്ന് പിടികൂടിയ മയക്കുമരുന്നിന്റെ ഉറവിടം തേടിപ്പോയ കേരള പൊലീസ് ഹൈദരാബാദിലെ അറിയപ്പെടുന്ന സിനിമ നിര്‍മാതാവായ കക്കാട്ടുപള്ളി നരസിംഹ രാജുവിനെ മയക്കുമരുന്ന് നിര്‍മ്മാണകേന്ദ്രത്തില്‍ നിന്ന് അറസ്ററ് ചെയ്തു. എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിര്‍മ്മാണകേന്ദ്രം കേരള പോലീസ് കണ്ടെത്തിയത്.
ജൂലൈ രണ്ടിന് തൃശ്ശൂര്‍ സിറ്റിയിലെ ഒല്ലൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വച്ച് എംഡിഎംഎ കൈവശമുണ്ടായിരുന്നയാളെ പോലീസ് പിടികൂടി. ചോദ്യം ചെയ്തതില്‍ കൈവശം ഉണ്ടായിരുന്നതിനു പുറമേ രണ്ടര കിലോ മയക്കുമരുന്ന് താമസസ്ഥലത്തുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് അത് കണ്ടെടുത്തു. തുടരന്വേഷണത്തില്‍ ഇയാള്‍ക്ക് മയക്കുമരുന്ന് നല്കിയ മൂന്നുപേരെ അന്വേഷണസംഘവും തൃശൂര്‍ ലഹരി വിരുദ്ധസേനയും ചേര്‍ന്ന് ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.
മയക്കുമരുന്ന് ഹൈദരാബാദില്‍ നിന്നാണ് എത്തിച്ചതെന്ന് ഇവരില്‍ നിന്ന് മനസ്സിലാക്കി. മയക്കുമരുന്ന് ഇവര്‍ക്ക് നല്‍കിയയാളെ ഹൈദരാബാദിലെത്തി അന്വേഷണസംഘം പിടികൂടി. അവിടെയുള്ള മയക്കുമരുന്ന് നിര്‍മ്മാണകേന്ദ്രത്തിന്റെയും ഉടമയുടെയും വിവരവും പ്രതിയില്‍ നിന്ന് ലഭിച്ചു. ഹൈദരാബാദ് കക്കാട്ടുപള്ളി നരസിംഹ രാജുവിന്റേതാണ് മയക്കുമരുന്ന് നിര്‍മ്മാണകേന്ദ്രം. ലഹരിമരുന്ന് നിര്‍മ്മാണകേന്ദ്രം പോലീസ് കണ്ടെത്തുകയും അയാളെ അറസ്ററ് ചെയ്യുകയും ചെയ്തു. വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ വന്‍തോതില്‍ മയക്കുമരുന്ന് ഉല്പാദിപ്പിച്ചതായി കണ്ടെത്തി.
രണ്ടുപതിറ്റാണ്ടിലേറെയായി കെമിക്കല്‍ ബിസിനസിലുള്ള നരസിംഹ രാജുവിന് വിദേശ രാജ്യങ്ങളിലേക്ക് കെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയുണ്ട്. സിനിമ മേഖലയിലും ഇയാള്‍ മയക്കുമരുന്ന് വിതരണം നടത്തിയിട്ടുണ്ടാകാമെന്ന് സംശയിക്കുന്നു. ലഹരിമരുന്ന് വിദേശത്തേക്കും സിനിമാ മേഖലയിലും വിതരണം നടത്തിയതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: