ദുബായ് : യുഎഇയിലെ അനധികൃത താമസക്കാര്‍ക്കുള്ള പൊതുമാപ്പ് പദ്ധതി നിലവില്‍ വന്നു. രണ്ടുമാസത്തെ പൊതുമാപ്പ് കാലയളവ് എല്ലാതരം വിസക്കാര്‍ക്കും പ്രയോജനപ്പെടുത്താം. പൊതുമാപ്പ് വഴി നാടുവിടുന്നവരുടെ പാസ്പോര്ട്ടില് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തില്ല. അനധികൃത താമസക്കാര്‍ക്ക് ഒന്നുകില്‍ പുതിയ വിസയ്ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടാം. ഔട്ട്പാസ് കിട്ടിയാല്‍ 14 ദിവസത്തിനകം പോകണം. ഇവര്‍ക്ക് പിഴയീടാക്കുകയോ യു.എ.ഇ.യിലേക്ക് മടങ്ങിവരാന്‍ വിലക്കേര്‍പ്പെടുത്തുകയോ ചെയ്യില്ല.
പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നു മാത്രം വിവരങ്ങള്‍ തേടണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 8005111 എന്ന നമ്പറിലോ ജിഡിആര്‍എഫ്എ കോള്‍ സെന്ററിലോ ബന്ധപ്പെടാം.
സ്പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടിയവര്‍ക്കും പൊതുമാപ്പിന് അപേക്ഷിക്കാം. യാതൊരു രേഖകളുമില്ലാതെ ജനിച്ചവര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താനും അവരുടെ പദവി ശരിയാക്കാനുമാവും.ഏതെങ്കിലും വിസ അല്ലെങ്കില്‍ റസിഡന്‍സി പെര്‍മിറ്റ് ലംഘിച്ചവര്ക്കെല്ലാം അപേക്ഷിക്കാം. യു.എ.ഇ.യില്‍ ജനിച്ച ഏതൊരു വിദേശിക്കും ജനിച്ച് നാലു മാസത്തിനുള്ളില്‍ കുട്ടികളുടെ റസിഡന്‍സി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പൊതുമാപ്പിന് അപേക്ഷിക്കാം.
അയല്‍രാജ്യങ്ങളില്‍നിന്ന് യു.എ.ഇ.യിലേക്ക് അനധികൃതമായി എത്തിയവര്‍, നുഴഞ്ഞുകയറ്റക്കാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല. യു.എ.ഇ. നിയമങ്ങള്‍ അവര്‍ക്ക് ബാധകമായിരിക്കും.സെപ്റ്റംബര്‍ ഒന്നിനുശേഷം റെസിഡന്‍സി, വിസ നിയമം ലംഘിക്കുന്നവര്‍ക്ക് അപേക്ഷിക്കാനാവില്ല.യു.എ.ഇ.യിലോ ഏതെങ്കിലും ജി.സി.സി രാജ്യത്തോ നാടുകടത്തല്‍ കേസുള്ളവര്‍ക്കും സെപ്റ്റംബര്‍ ഒന്നിനു ശേഷം ഒളിവില്‍ കഴിയുന്നവര്‍ക്കും അപേക്ഷിക്കാനാവില്ല.
പാതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലയാളി പ്രവാസികള്‍ക്കായി ഹെല്‍പ്പ് ഡെസ്ക് ഒരുക്കാന്‍ നോര്ക്കറൂട്സിന്റെയും ലോക കേരള സഭ സെക്രട്ടേറിയറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ലോക കേരള സഭ പ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗം തീരുമാനിച്ചു.
പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങള്‍ എത്തിക്കുക, അപേക്ഷ സമര്‍പ്പിക്കാനും രേഖകള്‍ തയാറാക്കാനും സഹായിക്കുക, നാട്ടിലേക്ക് തിരിച്ചു വരാന്‍ താല്പര്യമുള്ളവര്ക്ക് യാത്രാസഹായം ഉള്‍പ്പെടെ പ്രവാസികളുടെ സഹായത്തോടെ നല്‍കുക എന്നിവയാണ് പ്രവാസി സമൂഹം ചെയ്തു വരുന്നത്.അത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരുമായും നോര്‍ക്കയുമായും എകോപിപ്പിക്കുന്നതിനാണ് ലോക കേരള സഭ പ്രതിനിധികളുടെ ഹെല്പ് ഡെസ്ക് രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: