തിരുവനന്തപുരം: എല്ലാ വിവാദങ്ങളും ആത്മകഥയില്‍ തുറന്നെഴുതുമെന്നും എഴുത്ത് അവസാനഘട്ടത്തിലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലായി നടന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദീകരിക്കുമെന്ന് ഇ.പി പ്രതികരിച്ചു.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണം. രാഷ്‌ട്രീയം വിടുമോയെന്ന ചോദ്യത്തിന് ഇക്കാര്യം ഒരുഘട്ടം കഴിയുമ്പോള്‍ മാധ്യമപ്രവര്‍ത്തരോട് പറയാമെന്നും ഇ.പി പ്രതികരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചകളിലെ നിലപാടുകളുടെ പേരിലാണ് ഇ.പി.ജയരാജനെതിരേ പാര്‍ട്ടി അച്ചടക്ക നടപടിയുണ്ടായത്. പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ.പി കണ്ണൂരിലേക്ക് മടങ്ങിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഇ.പി, ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്. തെരഞ്ഞെടുപ്പ് ദിവസം രാവിലെ കൂടിക്കാഴ്ച സ്ഥിരീകരിച്ചുകൊണ്ടുള്ള ഇ.പിയുടെ പരസ്യപ്രതികരണവും പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ.പിക്കെതിരേ നടപടിയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: