എറണാകുളം : കളമശേരി എച്ച്എംടി ജംക്ഷനില്‍ സ്വകാര്യ ബസ് കണ്ടക്ടറെ ബസിനുള്ളില്‍ കയറി കുത്തിക്കൊന്ന യുവാവിനെ പൊലീസ് പിടികൂടി. ഇടുക്കി രാജകുമാരി കഞ്ഞിക്കുഴി മറ്റത്തില്‍ വീട്ടില്‍ അനീഷ് പീറ്ററിനെ (25) കൊലപ്പെടുത്തിയ കേസില്‍ കളമശേരി ഗ്ലാസ്ഫാക്ടറി നഗര്‍ ചാമപ്പറമ്പില്‍ മിനൂപിനെ (തൊപ്പി35) വൈകിട്ട് മുട്ടത്തു നിന്നാണ് പിടികൂടിയത്.
മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡില്‍ നിന്നു യാത്രക്കാരുമായി വന്ന ‘അസ്ത്ര’ ബസിനുള്ളില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് കൊലപാതകം നടന്നത്.മിനൂപിന്റെ ഭാര്യയുമായി അനീഷിനുണ്ടായിരുന്ന സൗഹൃദമാണ് ആക്രമണത്തിന് കാരണമെന്നാണു പൊലീസ് നല്കുന്ന സൂചന.
കുത്തേറ്റുവീണ അനീഷിനെ ഉടന്‍തന്നെ ഡ്രൈവറും മറ്റുള്ളവരും ഓട്ടോറിക്ഷയില്‍ എറണാകുളം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊലപാതകം നടക്കുമ്പോള്‍ ബസില്‍ യാത്രക്കാരായി നാല് സ്ത്രീകളും ഒരു പുരുഷനും മാത്രമാണ് ഉണ്ടായിരുന്നത്.
എച്ച്എംടി ജംഗ്ഷന് ജുമാമസ്ജിദിനു സമീപം ബസ് നിര്‍ത്തിയ ഉടന്‍ മിനൂപ് പിന്‍വാതിലിലൂടെ കത്തിയുമായി ഓടിക്കയറി. കുത്തിയ ശേഷം രക്ഷപ്പെടുന്നതിനിടയില്‍ പ്രതി തള്ളിവീഴ്ത്തിയ യാത്രക്കാരിക്കും പരിക്കേറ്റു.
അനീഷിനെ കുത്തിയ ശേഷം മിനൂപ് ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവികളില്‍ നിന്നു പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണമാണു മിനൂപിനെ കുടുക്കിയത്. ഇയാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് പൊലീസ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: