പനാജി: ഭാരത പൗരത്വം ലഭിച്ചതില്‍ മോദിക്കു നന്ദി പറഞ്ഞ് പാകിസ്ഥാനില്‍ നിന്നുള്ള ക്രിസ്ത്യാനി. ഗോവ സൗത്ത് കന്സൗലിമിലുള്ള ജോസഫ് ഫ്രാന്‍സിസ് പെരേരയ്ക്കാണ് (78) ഭാരത പൗരത്വം ലഭിച്ചത്. പൗരത്വ ഭേദഗതി നിയമ പ്രകാരം (സിഎഎ) ഭാരത പൗരത്വം നേടുന്ന ഗോവയിലെ ആദ്യ ക്രിസ്ത്യാനി കൂടിയാണ് പെരേര.
സിഎഎ നിയമം കൊണ്ടുവന്നതിനെ തുടര്‍ന്നാണ് തനിക്കു ഭാരത പൗരത്വം ലഭിച്ചത്. ഒരു മാസത്തിനുള്ളില്‍ പൗരത്വം ലഭിച്ചു. സിഎഎ കൊണ്ടുവന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദി പറയുന്നതായും പെരേര അറിയിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ ഭാരത പൗരയാണ്, അതിനാലാണ് പൗരത്വത്തിന് അപേക്ഷിച്ചത്.
വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ പൗരത്വം ലഭിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ആരും സഹായിച്ചില്ല. സിഎഎ വന്നതോടെ ഈ വര്‍ഷം ജൂണില്‍ ഞങ്ങള്‍ വീണ്ടും അപേക്ഷിക്കുകയായിരുന്നു, ഭാര്യ മാര്‍ത്ത പെരേര പറഞ്ഞു.
1960ല്‍ പാകിസ്ഥാനിലേക്കു പോയതാണ് പെരേര. അവിടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബഹ്റൈനില്‍ ജോലി തേടി പോയി. 37 വര്‍ഷത്തെ സേവനത്തിനുശേഷം പെരേര ഭാരതത്തിലേക്കു വന്നു. കുടുംബത്തോടൊപ്പം ഗോവയില്‍ സ്ഥിര താമസമാക്കുകയായിരുന്നു.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പൗരത്വ സര്‍ട്ടിഫിക്കറ്റ് പെരേരയ്ക്ക് കൈമാറി. പൗരത്വ നിയമം 1955 സെക്ഷന്‍ 5 (1) സിയിലെ ചട്ടങ്ങള്‍ പ്രകാരമാണ് പെരേരയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
നിരവധി ആളുകള്‍ ഇത്തരത്തില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടുണ്ട്. ഗോവ ആഭ്യന്തര വകുപ്പ് അപേക്ഷകര്‍ നല്കിയ വിവരങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കുകയാണ്. യോഗ്യരായവരുടെ അപേക്ഷ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: