Categories: News

നവവധുവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

Published by

ആലപ്പുഴ: നവവധുവിനെ ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം. ലജ്നത്ത് വാര്‍ഡില്‍ പനയ്‌ക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയ (22)യെയാണ് കഴിഞ്ഞ ഞായറാഴച കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പിതാവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ഭര്‍ത്താവുമായി ഉണ്ടായ പ്രശ്നങ്ങളാണ് ആസിയ ജീവനൊടുക്കിയതെന്നാണ് യുവതിയുടെ വീട്ടുകാര്‍ പറയുന്നത്.

പിതാവിന്റെ മരണത്തില്‍ ദുഃഖിതയാണെന്നും പിതാവിനൊപ്പം പോകുന്നുവെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പും പൊലീസ് മുറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. എട്ടുമാസം മുന്‍പാണ് ആസിയയുടെ പിതാവ് കാന്‍സര്‍ മൂലം മരിച്ചത്. എന്നാല്‍ ആസിയ സന്തോഷവതിയായിരുന്നെന്നും പിതാവ് മരിച്ചതിന്റെ സങ്കടത്തില്‍ നിന്നെല്ലാം മോചിതയായിരുന്നെന്നും കുടുംബം പറയുന്നു. സംഭവദിവസം മുനീറുമായി വഴക്കുണ്ടായതായും ആസിയയുടെ അമ്മ പറയുന്നു.

മരിക്കാനായുള്ള പ്രശ്‌നങ്ങള്‍ ഒന്നും അവള്‍ക്കില്ലായിരുന്നു. സത്യമെന്താണെന്ന് മാത്രം അറിഞ്ഞാല്‍ മതിയെന്ന് അമ്മ പറഞ്ഞു. ‘കണ്ണിന്റെ മേലേയും താടിക്കും താഴെയെല്ലാം അടിയേറ്റ പാടുകളും മുറിവുകളും ഉണ്ട്. ആദ്യം പറഞ്ഞത് ഗുളിക കഴിച്ചെന്ന്, പിന്നീട് പറഞ്ഞു കെട്ടിത്തൂങ്ങിയെന്ന്. ബാത്ത് റൂമിലാണ് തൂങ്ങിയതെന്നാണ് ആദ്യം പറഞ്ഞത്. പിന്നെ അമ്മായി അമ്മ പറഞ്ഞു ബെഡിനടുത്ത് കെട്ടിത്തൂങ്ങിയിരിക്കുകയാണെന്ന്’ ആസിയയുടെ അമ്മ പറഞ്ഞു.

നാല് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. മൂവാറ്റുപുഴയില്‍ ഡെന്റല്‍ ടെക്നിഷ്യനായ ആസിയ അവിടെ താമസിച്ചാണ് ജോലി ചെയ്യുന്നത്. ആഴ്ചയിലൊരിക്കല്‍ മാത്രമാണ് ആലപ്പുഴയിലെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയിരുന്നത്. ഭര്‍ത്താവ് മുനീര്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. ഭര്‍ത്താവും വീട്ടുകാരും പുറത്തുപോയ സമയത്ത് ആസിയ വീട്ടിലെ കിടപ്പുമുറിയില്‍ തുങ്ങി മരിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കത്ത് എഴുതിയത് ആസിയ തന്നെയാണോയെന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. ആസിയയുടെ ബന്ധുക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. അസ്വഭാവിക മരണത്തിന് കേസ് എടുത്ത അന്വേഷണം തുടരുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by