വടക്കാഞ്ചേരി : അക്കൗണ്ടന്റ് ജോലി രാജിവച്ചു. സ്കൂട്ടറില്‍ ചായ വില്‍പ്പന നടത്തി ജീവിത വിജയം കെട്ടിപ്പടുക്കുന്ന ബികോം ബിരുദധാരി ജനശ്രദ്ധ നേടുന്നു. മിണാലൂര്‍ പള്ളത്ത് വീട്ടില്‍ മജീദ് റഹ്മാനാ(31)ണ് സഞ്ചരിക്കുന്ന ചായക്കടയുടെ ഉടമ. കുറാഞ്ചേരി അത്താണി വെളപ്പായ പ്രദേശങ്ങളില്‍ രാവിലെയും വൈകിട്ടുമായി ഇരുചക്ര വാഹനത്തില്‍ ചായയും പലഹാരങ്ങളുമായി എത്തുന്ന യുവാവ് നാട്ടുകാര്‍ക്കും ഏറെ സുപരിചിതനാണ്.
വ്യാപാര സ്ഥാപനങ്ങള്‍, തൊഴിലാളികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ചായ വില്‍പ്പന. സ്കൂട്ടറിന് പുറകില്‍ ക്രമീകരിച്ച കെറ്റിലുകളില്‍ ആവശ്യാനുസരണം മധുരമുള്ളതും ഇല്ലാത്തതുമായ ചായ ലഭിക്കും. വിദ്യാസമ്പന്നനായ ചെറുപ്പക്കാരന് ചായ വിറ്റു നടക്കുന്നത് പലര്‍ക്കും അത്ഭുതമാണ്. എന്നാല്‍ തനിക്കിത് മികച്ച വരുമാന മാര്‍ഗമാണെന്നും ഈ തൊഴില്‍ ചെയ്യുന്നത് അതിലേറെ അഭിമാനമാണെന്നുമാണ് യുവാവിന്റെ ഭാഷ്യം.
മുന്‍പ് പിതാവ് ഇബ്രാഹിം എന്ന കരീമാണ് ഈ തൊഴില്‍ ചെയ്തു വന്നിരുന്നത്. പിതാവും ഏറെ ജനപ്രിയനായ കച്ചവടക്കാരനായിരുന്നു. നാലുവര്‍ഷം മുമ്പ് ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം കരീം ചായ വില്‍പ്പന നിര്‍ത്തി. തുടര്‍ന്നാണ് അത്താണിയിലെ വ്യാപാര സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയിരുന്ന മജീദ് ജോലി രാജിവച്ച് ചായകച്ചവടം ഏറ്റെടുക്കുന്നത്. കോലഴി ചിന്മയ കോളേജില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: