സത്‌ന: മധ്യപ്രദേശിലെ സത്‌ന ജില്ലയിൽ ഒരു കൂട്ടം ആളുകൾ നിരവധി പശുക്കളെ പുഴയിലേക്ക് വലിച്ചെറിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നാല് പേർക്കെതിരെ കേസെടുത്ത് പോലീസ്. നാഗോട് പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച നടന്ന സംഭവത്തിൽ 15 മുതൽ 20 വരെ പശുക്കൾ ചത്തിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ വിവരങ്ങൾ ഇതുവരെ പരിശോധിച്ചിട്ടില്ലെന്ന് പോലീസ് ബുധനാഴ്ച പറഞ്ഞു.
ചൊവ്വാഴ്‌ച വൈകുന്നേരം ബാംഹോറിനടുത്തുള്ള റെയിൽവേ പാലത്തിനടിയിൽ പശുക്കളെ ചിലർ സത്‌ന നദിയിലേക്ക് വലിച്ചെറിയുന്ന ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവരശേഖരണത്തിനായി ഒരു പോലീസ് സംഘം സ്ഥലത്തേക്ക് ചെല്ലുകയും കേസെടുക്കുകയുമായിരുന്നെന്ന് നാഗോട് പോലീസ് സ്റ്റേഷൻ ഇൻചാർജ് അശോക് പാണ്ഡെ പറഞ്ഞു.
ബീറ്റാ ബാഗ്രി, രവി ബാഗ്രി, രാംപാൽ ചൗധരി, രാജ്‌ലു ചൗധരി എന്നീ നാല് പേർക്കെതിരെ പശുക്കളെ കൊല്ലുന്നത് തടയുന്ന നിയമത്തിന്റെ പ്രസക്ത വകുപ്പുകളായ മധ്യപ്രദേശ് ഗൗവൻഷ് വധ് പ്രതിഷേദ് അധീനിയം പ്രകാരവും ഭാരതീയ ന്യായ സംഹിത പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാഥമിക വിവരമനുസരിച്ച് 50 ഓളം പശുക്കളുണ്ട്. അവയിൽ 15 മുതൽ 20 വരെ ചത്തിരുന്നു. രക്ഷാപ്രവർത്തനം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നദിയിൽ എറിഞ്ഞ പശുക്കളുടെ കൃത്യമായ എണ്ണവും അവയുടെ മരണസംഖ്യയും അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്നും പാണ്ഡെ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക