ന്യൂദൽഹി: വരാനിരിക്കുന്ന ജമ്മു-കശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകൾ കണക്കിലെടുത്ത് രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശന കാലാവധി 5-7 ദിവസമായി ചുരുക്കിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സെപ്റ്റംബറിൽ ഷെഡ്യൂൾ ചെയ്തിരുന്ന രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനം നേരത്തെ ഏകദേശം 10-12 ദിവസം നീണ്ടുനിൽക്കുമെന്നായിരുന്നു റിപ്പോർട്ട്.
എന്നാൽ അത് 5-7 ദിവസമായി ചുരുക്കിയെന്നും അദ്ദേഹത്തിന്റെ പല പരിപാടികളും റദ്ദാക്കിയെന്നുമാണ് വിവരം. ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ സന്ദർശനമാണിത്. രാഹുൽ ഗാന്ധി ടെക്‌സാസിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
അതേ സമയം കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സെപ്തംബർ രണ്ടാം വാരത്തിൽ പാർട്ടിക്ക് വേണ്ടിയുള്ള പ്രചാരണത്തിന് തുടക്കമിടുമെന്നും വൃത്തങ്ങൾ അറിയിച്ചു. പ്രിയങ്ക ഗാന്ധി 5 മുതൽ 7 വരെ റോഡ് ഷോകളിലും 15 ലധികം തിരഞ്ഞെടുപ്പ് റാലികളിലും ഇരു സംസ്ഥാനങ്ങളിലും സംസാരിക്കും. അതിൽ ഒരു ഡസനിലധികം റാലികൾ ഹരിയാനയിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. എന്നാൽ ബിജെപിയുടെ മികച്ച ഭരണ നേട്ടങ്ങൾ കോൺഗ്രസിന് തലവേദനയാകുമെന്നുറപ്പാണ്.
നിയമസഭാ തെരഞ്ഞെടുപ്പിനിടെ, ജമ്മു-കശ്മീർ തെരഞ്ഞെടുപ്പിനായി കോൺഗ്രസ് നാഷണൽ കോൺഫറൻസുമായി സഖ്യമുണ്ടാക്കിയപ്പോൾ ഹരിയാനയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന ഊഹാപോഹങ്ങളെല്ലാം തള്ളി ഒറ്റയ്‌ക്ക് തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു.
ജമ്മു കശ്മീരിൽ സെപ്തംബർ 18, 25, ഒക്ടോബർ 1 തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഒക്ടോബർ നാലിന് നടക്കും. ജമ്മു കശ്മീരിലെ 90 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 88.06 ലക്ഷം വോട്ടർമാരാണ് കേന്ദ്രഭരണ പ്രദേശത്തുള്ളത്.
90 അംഗങ്ങൾ അടങ്ങുന്ന ഹരിയാന അസംബ്ലിയിൽ ഒക്ടോബർ 1 ന് തിരഞ്ഞെടുപ്പ് നടക്കും, ഫലം ഒക്ടോബർ 4 ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ 90 അംഗ നിയമസഭയിൽ 40 സീറ്റുകളുമായി ബിജെപി 10 സീറ്റുകൾ നേടിയ ജെജെപിയുമായി സഖ്യ സർക്കാർ രൂപീകരിച്ചപ്പോൾ കോൺഗ്രസ് 31 സീറ്റുകൾ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക