ബെംഗളൂരു: 2007ല്‍ മുഖ്യമന്ത്രിയായിരിക്കെ കല്‍ക്കരിഖനനത്തിനുള്ള കരാര്‍ പുതുക്കിയതിന്റെ പേരില്‍ എച്ച് ഡി കുമാരസ്വാമിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കം. കര്‍ണ്ണാടകയില്‍ ജനതാദള്‍ (എസ്) എന്ന പാര്‍ട്ടിയെ ഇല്ലാതാക്കുക എന്ന കോണ്‍ഗ്രസ് അജണ്ടയുടെ ഭാഗമായാണ് ഈ നീക്കം.
ഇപ്പോള്‍ കേന്ദ്ര വ്യവസായ മന്ത്രിയായ എച്ച്.ഡി. കുമാരസ്വാമിയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ലോകായുക്തയുടെ പ്രത്യേക അന്വേഷണ സംഘം കര്‍ണ്ണാടക ഗവര്‍ണറോട് അനുമതി ചോദിച്ചിരിക്കുകയാണ്. ഇത് തന്നെ ബലിയാടാക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കമാണെന്ന് അറിവായുവന്നതുകൊണ്ട്, താന്‍ അറസ്റ്റിനെ ഭയക്കില്ലെന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എച്ച് ഡി കുമാരസ്വാമി.
എന്തുകൊണ്ടാണ് ലോകായുക്തയുടെ പ്രത്യേക അന്വേഷണ സംഘം അവരുടെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാത്തതെന്ന് എച്ച്.ഡി. കുമാരസ്വാമി ചോദിക്കുന്നു. “വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു സംഭവത്തില്‍ ഇപ്പോള്‍ ഇവര്‍ തിരക്കിട്ട് നടപടിയെടുക്കുന്നത് എന്തിനാണ്? എന്നെ ഭയപ്പെടുത്താനാണ് ശ്രമമെങ്കില്‍, ഞാന്‍ ഭയപ്പെടില്ല.” – കുമാരസ്വാമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
“സീനിയര്‍ ഐഎഫ് എസ് ഓഫീസറായ യുവി സിങ്ങ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേക്കുറിച്ച് അന്വേഷണം നടത്തി മൂന്ന് മുഖ്യമന്ത്രിമാരെ കുറ്റക്കാരായി കണ്ടിരുന്നു.എന്നെയും എസ്.എം. കൃഷ്ണയെയും എന്‍.ധരംസിങ്ങിനെയുമാണ് കുറ്റക്കാരായി കണ്ടത്. പക്ഷെ ഇതിന്റെ പേരില്‍ പ്രത്യേകിച്ച് പിഴയൊന്നും ചുമത്തിയിരുന്നില്ല. ഇത്തരം കാര്യങ്ങളില്‍ അനന്തരതീരുമാനം കൈക്കൊള്ളേണ്ടത് സര്‍ക്കാരാണ് എന്ന് കാണിച്ച് ഈ കേസ് പൂര്‍ണ്ണമായും സര്‍ക്കാരിന് വിട്ടുകൊടുക്കുകയായിരുന്നു. പഴയ ഒരു കേസില്‍ തന്നെ ഇപ്പോള്‍ കുടുക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ താന്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായിരുന്നു. എസ് എം. കൃഷ്ണ പിന്നീട് ബിജെപിയിലേക്ക് പോയി.”- കുമാരസ്വാമി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
“ആരോപണം എന്തെന്നാല്‍ 2007ല്‍ ശ്രീ വെങ്കിടേശ്വര മൈനിംഗ് കമ്പനിയ്‌ക്ക് ഖനനം നടത്താനുള്ള അനുമതി പുതുക്കി നല്‍കി. ഇതിന് 150 കോടി രൂപ വാങ്ങിയെന്നാണ് ആരോപണം. ലോകായുക്തയോട് ഇക്കാര്യം അന്വേഷിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. 2011ല്‍ അവര്‍ അന്വേഷണം തുടങ്ങി. ഖജനാവിന് ഈ കരാര്‍ പുതുക്കി നല്‍കിയതുകൊണ്ട് ഒരു നഷ്ടവുമുണ്ടായിട്ടില്ല. സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ടായിട്ടും ലോകായുക്ത പ്രത്യേകസംഘം അന്വേഷണം അവസാനിപ്പിച്ചില്ല. ഇപ്പോള്‍ അവര്‍ എന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ചോദിക്കുകയാണ്. ഈ കേസ് ചത്ത കേസാണ്. ഇപ്പോള്‍ സിദ്ധരാമയ്യയെ സംരക്ഷിക്കാന്‍ എന്നെ അവര്‍ വേട്ടയാടുകയാണ്.”- കുമാരസ്വാമി പറഞ്ഞു.
സിദ്ധരാമയ്യയ്‌ക്കെതിരെ 61 കേസുകള്‍ ഉണ്ട്: കുമാരസ്വാമി
“ലോകായുക്തയില്‍ സിദ്ധരാമയ്യയ്‌ക്കെതിരെ 61 കേസുകള്‍ നിലവിലുണ്ട്. ഇതില്‍ 50 കേസുകളില്‍ അന്വേഷണം നടക്കാന്‍ പോകുന്നതേയുള്ളൂ. തന്റെ രാഷ്‌ട്രീയ ജീവിതം ഒരു തുറന്ന പുസ്തകമായി സിദ്ധരാമയ്യ കരുതുന്നുണ്ടെങ്കില്‍ എന്തിനാണ് അദ്ദേഹത്തെ വേട്ടയാടുന്നുവെന്ന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത്. “- കുമാരസ്വാമി ചോദിക്കുന്നു.
ഭൂമികുംഭകോണത്തില്‍ പെട്ട് സിദ്ധരാമയ്യയും ഖാര്‍ഗെയും
ഖാര്‍ഗെയുടെ കുടുംബത്തിന്റെ പേരിലുള്ള സിദ്ധാര്‍ത്ഥ വിഹാര്‍ ട്രസ്റ്റിന്റെ പേരില്‍ കര്‍ണ്ണാടക ഇന്‍ഡസ്ട്രിയല്‍ ഡവലപ് മെന്‍റ് ബോര്‍ഡ് അഞ്ചേക്കര്‍ ഭൂമി നല്‍കിയത് അഴിമതിയാണെന്നും ഇത് സിബിഐ അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്. സിദ്ധരാമയ്യയുടെ ഭാര്യ മൈസൂര്‍ അര‍്ബന്‍ ഡവലപ് മെന്‍റ് അതോറിറ്റിയോട് (മുഡ) തങ്ങള്‍ക്ക് നഷ്ടമായ മൂന്നേക്കര്‍ ഭൂമിയ്‌ക്ക് പകരമായി ദേവനൂര്‍ തേഡ് സ്റ്റേജിലോ മറ്റേതെങ്കിലും ഇടത്തിലോ പകരം ഭൂമി അനുവദിക്കണമെന്ന് അപേക്ഷിച്ചത് അഴിമതിയാണെന്ന് ബിജെപി ആരോപിക്കുന്നു. പണ്ട് തങ്ങളുടെ ഭൂമി അനധികൃതമായി മുഡ കയ്യേറിയെന്നാണ് സിദ്ധരാമയ്യയുടെ ഭാര്യ അപേക്ഷയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: