കൊല്‍ക്കത്ത: ബംഗാളിലെ ആര്‍ജി കര് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട സമ്പത്തിക ക്രമക്കേടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു. രാജിവച്ച മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ്ഘോഷ് അനധികൃതമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണ ഏജന്‍സിയുടെ നീക്കം.
സംഭവത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം സിബിഐ തയാറാക്കിയ എഫ്ഐആര്‍ പരിശോധിച്ചതായി ഇ ഡി അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിയും മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിനും മൊഴി രേഖപ്പെടുത്തുന്നതിനുമായി കേസുമായി ബന്ധപ്പെട്ട എല്ലാവര്ക്കും സമന്‍സ് അയക്കും. സിബിഐയുടെ റിപ്പോര്‍ട്ടില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ തന്നെയാണ് തങ്ങളുടെ പട്ടികയിലുള്ളതെന്നും ഇ ഡി കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയുടെ ഡെപ്യൂട്ടി സൂപ്രണ്ട് അക്തര്‍ അലിയുടെ ഹര്‍ജിയില്‍ കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് സിബിഐ സംഭവത്തില്‍ അന്വേഷണം ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളജിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ്, മുന്‍ മെഡിക്കല്‍ സൂപ്രണ്ട് സഞ്ജയ് വസിഷ്ഠ എന്നിവരുള്‍പ്പെടെ 15 പേരുടെ വീടുകളിലും ഇവരുമായി ബന്ധപ്പെട്ടയിടങ്ങളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു.
ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിന്റെ നുണ പരിശോധന ഇന്നലെ പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: