സിനിമയില്‍ താരപരിവേഷം കിട്ടുകയെന്നാല്‍ പെണ്ണുപിടിക്കാനുള്ള ലൈസന്‍സാണെന്ന മലയാള സിനിമയില്‍ ചിലര്‍ കല്ലില്‍ കൊത്തിവെച്ചിരുന്ന അലിഖിത നിയമം തകര്‍ന്നു. മലയാള സിനിമയിലെ ഈ ആണ്‍മേധാവിത്വത്തെ വെല്ലുവിളിച്ച് കടന്നുവന്ന വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) എന്ന സംഘത്തെ ഫെമിനിച്ചികള്‍ എന്ന് വിളിച്ചാണ് മുഖ്യധാരാസിനിമക്കാര്‍ അധിക്ഷേപിച്ചിരുന്നത്.
പാര്‍വ്വതി തിരുവോത്ത്, മഞ്ജു വാര്യര്‍, ഭാവന, ഗീതു മോഹന്‍ദാസ്, രേവതി, അഞ്ജലിമേനോന്, ദീദി ദാമോദരന്‍, വിധു വിന്‍സെന്റ്, റിമ കല്ലിങ്കല്‍, പത്മപ്രിയ, ബീനപോള്‍, കാവ്യനമ്പീശന് തുടങ്ങി ഒട്ടേറെപ്പേര്‍ ഡബ്ല്യുസിസിയില്‍ അംഗങ്ങളായുണ്ട്. രണ്‍ജി പണിക്കരുടെ മകന്റെ സിനിമയില്‍ മമ്മൂട്ടി നടത്തിയ സ്ത്രീവിരുദ്ധ ഡയലോഗിനെ വിമര്‍ശിച്ച പാര്‍വ്വതി തിരുവോത്തിന് പിന്നീട് മലയാളസിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായി. വല്ലപ്പോഴും മാത്രം അവസരങ്ങള്‍ കിട്ടി. എങ്കിലും പാര്‍വ്വതി നിലപാടുകളില്‍ ഉറച്ച് നിന്നു പോരാടി. നടി ഭാവനയെ ആക്രമിച്ച സംഭവത്തില്‍ ഡബ്ല്യുസിസി അതിജീവിതയ്ക്കൊപ്പം നിലയുറപ്പിച്ചു.
2013ല്‍ ആദ്യ നാഴികക്കല്ല് ഡബ്ല്യുസിസി നാട്ടിയത് ഒരു കോടതി വിധിയിലൂടെയാണ്. ഹൈക്കോടതിയില്‍ ഡബ്ലുസിസി നല്കിയ പരാതി ഹൈക്കോടതി അംഗീകരിച്ചു. സിനിമ നിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ ലൈംഗിക ചൂഷണത്തില്‍ നിന്നും രക്ഷിക്കാന്‍ ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി രൂപീകരിക്കണമെന്നതായിരുന്നു ഡബ്ല്യുസിസിയുടെ ആവശ്യം. അത് ഹൈക്കോടതി അംഗീകരിച്ചു. പക്ഷെ ഇത് പക്ഷെ ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടുവെയ്പ് മാത്രമായിരുന്നു.
മലയാള സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കണമെന്ന ആവശ്യവുമായി ഡബ്യുസിസി കേരള സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഈ ആവശ്യം ഇടത് സര്‍ക്കാര്‍ അംഗീകരിച്ചു. അതേക്കുറിച്ച് പഠിക്കാന്‍ ശക്തയായ ഒരു ജഡ്ജിയെ നിയമിക്കുകയും ചെയ്തു. അങ്ങിനെ ഹേമ കമ്മിറ്റി പിറന്നു. ഏകദേശം ഒന്നരക്കോടി ചെലവില്‍ ഹേമ സത്യസന്ധമായി സിറ്റിംഗ് നടത്തി മലയാള സിനിമാരംഗത്തെ പ്രശ്നങ്ങള്‍ പഠിച്ചു. ഇങ്ങിനെ ഒരു പഠനം നടക്കുന്നതായി ആരും അറിഞ്ഞില്ല. പക്ഷെ പണ്ട് മുതലേ മലയാള സിനിമാരംഗത്ത് ചൂഷണം നേരിട്ട സ്ത്രീകളെ ഹേമ കമ്മിറ്റിയ്ക്ക് മുമ്പാകെ എത്തിക്കുന്നതില്‍ ഡബ്ല്യുസിസി വിജയിച്ചു. എല്ലാ കദനകഥകളും ജസ്റ്റിസ് ഹേമ ഒപ്പിയെടുത്തു. 235 പേജുള്ള റിപ്പോര്‍ട്ട് ഹേമയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റി തയ്യാറാക്കി. സൂപ്പര്‍താരങ്ങള്‍, സംവിധായകന്, നിര്‍മ്മാതാക്കള്‍ എന്നിവരടങ്ങുന്ന ഒരു ചെറിയ ഗ്രൂപ്പ് മലയാള സിനിമാ വ്യവസായത്തിന്റെ കടിഞ്ഞാണ്‍ കയ്യിലേന്തിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് ഹേമ കമ്മിറ്റി നടത്തിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മലയാളത്തില്‍ അഭിനയിക്കാനെത്തിയ അന്യഭാഷാ നടികള്‍ അവര്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞതോടെ ഓരോരുത്തരായി രാജിയിലേക്ക് നീങ്ങി. സംവിധായകന് രഞ്ജിത്തായിരുന്നു ആദ്യം വീണത്. പിന്നാലെ, നടന് സിദ്ദിഖും അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും മൗനത്തിലായിരുന്നു. നിവൃത്തിയില്ലാതായതോടെ മോഹന്‍ലാല്‍ ഉള്‍പ്പെടെ അമ്മ എന്ന സംഘടനയിലെ മുഴുവന്‍ ഭാരവാഹികളും കുറ്റം ഏറ്റെടുത്ത് രാജിവെച്ചു. അമ്മയിലെ ഭാരവാഹി എന്ന് പറയുന്നത് തന്നെ ഒരു കുറ്റം ചെയ്യുന്നതുപോലുള്ള സ്ഥിതി സംജാതമായി. ജയസൂര്യ, ബാബുരാജ്, മുകേഷ്, റിയാസ് ഖാന്, മണിയന്‍പിള്ള രാജു….അങ്ങിനെ നടിമാരെ പീഢിപ്പിച്ചവരുടെ പട്ടിക നീളുകയാണ്. ഇനിയും എത്ര തലകള്‍ ഉരുളും എന്നറിയില്ല.
അങ്ങിനെ ഫെമിനിച്ചികള്‍ എന്ന് കളിയാക്കി വിളിക്കപ്പെട്ട ഒരു കൂട്ടം സ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്പില് മലയാളത്തിലെ ആണ്‍കോയ്മയുടെ മൂര്‍ത്തിമദ്ഭാവങ്ങളായ സൂപ്പര്‍ താരങ്ങള്‍ വരെ തെന്നിവീഴുന്ന പുതിയ ചരിത്രമാണ് സൃഷ്ടിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: