ആലപ്പുഴ: നാടിന്റെ മനം കീഴടക്കി മായക്കണ്ണന്മാര് ലീലകളാടി, നാടും നഗരവും ഭക്തിസാന്ദ്രം. ഉണ്ണിക്കണ്ണന്റെ പിറന്നാളായ ജന്മാഷ്ടമിദിനം നാടാകെ അമ്പാടിയായി മാറി. ഉണ്ണിക്കണ്ണന്മാരും, രാധികമാരും, വിവിധ പുരാണകഥാപാത്രങ്ങളുടെ വേഷം ധരിച്ച കുട്ടികളും, ഗോപിക ഗോപന്മാരും ജനപഥങ്ങളെ വൃന്ദാവനമാക്കി. ഹരേരാമ.. ഹരേകൃഷ്ണ ചൊല്ലി ഭക്തസഹസ്രങ്ങള്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശോഭ യാത്രകളില്‍ അണിനിരന്നു. നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും അകമ്പടിയായി. പാട്ടും ഭജനയുമാഘോഷവുമായി നാടാകെ മയില്‍പ്പീലി ചൂടി.

പരിസ്ഥിതിയേയും ദേശീയതയേയും ഒരുപോലെ മനസുകളിലെത്തിക്കുന്ന ‘പുണ്യമീ മണ്ണ്… പവിത്രമീ ജന്മം’ എന്നതാണ് ഈ വര്‍ഷത്തെ ജന്മാഷ്ടമി സന്ദേശം. സാംസ്കാരികസംഗമങ്ങള്‍, ഉറിയടി തുടങ്ങി പരിപാടികളും നടന്നു. വയനാട്ടിലെ ദുരന്തത്തില്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് ശോഭയാത്രകള്‍ തുടങ്ങിയത്.

ദുരിതബാധിതര്‍ക്കായുള്ള സഹായ നിധികളും ഏറ്റുവാങ്ങി.ആലപ്പുഴ നഗരത്തില്‍ നാല് മഹാശോഭയാത്രകള്‍ തോണ്ടന്‍കുളങ്ങര, പഴവീട് ക്ഷേത്രങ്ങളില്‍ സമാപിച്ചു.കളര്‍കോട്, ഇരവുകാട് നിന്ന് തുടങ്ങിയ ശോഭാ യാത്രകളും, തിരുവമ്പാടി വെള്ളക്കിണറില്‍ നിന്ന് തുടങ്ങിയ ശോഭയാത്രയും പഴവീട് ക്ഷേത്രത്തിലാണ് സമാപിച്ചത്. മുല്ലക്കല്‍ തോണ്ടംകുളങ്ങര സീറോ ജങ്ഷന്, കൊമ്മാടിപ്പാലം, കൊറ്റംകുളങ്ങര തുടങ്ങിയ ശോഭ യാത്രകള്‍ ആശ്രമം ജങ്ഷനില്‍ എത്തി മഹാ ശോഭ യാത്രയായി തോണ്ടംകുളങ്ങര ക്ഷേത്രത്തില്‍ സമാപിച്ചു.
അമ്പലപ്പുഴ : താലൂക്കില്‍ മൂന്ന് മഹാശോഭയാത്രകളാണ് നടന്നത്. കൊപ്പാറ കടവ്, വളഞ്ഞവഴി, കളപ്പുര,തേവരനട, മുക്കയില്‍,കുറവന്തോട്,നാരായണപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭാ യാത്രകള്‍ വണ്ടാനം രക്തേശ്വരി ക്ഷേത്രത്തിന്റെ മുന്നില്‍ എത്തി മഹാശോഭാ യാത്രയായി നീര്‍ക്കുന്നം തേവരനട ക്ഷേത്രത്തിലും തകഴി, തെന്നടി, ചിറയകം,പടഹാരം, കിഴക്കേ കരുമാടി, കേളമംഗലം,മുക്കട, കുന്നുമ്മ ,വിരുപ്പാല എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭാ യാത്രകള്‍ തകഴി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലും പുന്നപ്ര ചള്ളിയില്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രം, ഘണ്ടകര്ണാ ഭദ്രകാളി ക്ഷേത്രം, അന്നപൂ
ര്‍ണ ഭദ്രകാളി ക്ഷേത്രം, ആഞ്ഞിലിപ്പറമ്പ്, കിഴക്കേ തൈ സര്‍പ്പക്കാവ് ,വെളിന്തറ ക്ഷേത്രം,കളരി ഭഗവതി ക്ഷേത്രം, കല്ലിട്ടക്കാട്, നാലുപുരയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നെത്തി അറവുകാട് ക്ഷേത്രത്തിലും സമാപിച്ചു.
അമ്പലപ്പുഴ പായല്‍ കുളങ്ങര, നവരാക്കല്‍, കച്ചേരിമുക്ക്,വ്യാസ, പുതുക്കുളങ്ങര, കട്ടക്കുഴി, കഞ്ഞിപ്പാടം, അമ്പലപ്പുഴ, കരുമാടി എന്നിവിടങ്ങളില്‍ നിന്ന് തുടങ്ങിയ ശോഭ യാത്രകള്‍ കച്ചേരിമുക്കില്‍ സംഗമിച്ച് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പറവൂരിലേത് കുരുക്കശേരി, രണ്ടുതൈ ദേവീക്ഷേത്രം, നവ തരംഗിണി, ശാസ്താങ്കല്‍, ചക്കിട്ട പറമ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭാ യാത്രകള്‍ പഴയ നടക്കാവില്‍ എത്തിച്ചേര്‍ന്ന് മഹാശോഭ യാത്രയായി അറവുകാട് ക്ഷേത്രത്തിലും സമാപിച്ചു
കുട്ടനാട്ടില്‍ ചക്കുളത്തുകാവ്, എടത്വ, മങ്കൊമ്പ്, വെളിയനാട്, ഊരുക്കരി, നെടുമുടി തുടങ്ങിയിടങ്ങളില്‍ ശോഭായാത്രകള്‍ നടന്നു.
എടത്വാ: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ മഹാ ശോഭയാത്ര നടന്നു. തലവടിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ആരംഭിച്ച ചെറു ശോഭായാത്ര തലവടി പനയന്നൂര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ എത്തിയ ശേഷം മഹാ ശോഭയാത്രയായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ സമാപിച്ചു. പനയന്നൂര്‍കാവ് ക്ഷേത്ര തന്ത്രി ആനന്ദന് നമ്പൂതിരി ശോഭയാത്ര ഉദ്ഘാടനം ചെയ്തു.
ശ്രീകൃഷ്ണ വേഷം കെട്ടിയ ബാലിക ബാലന്മാരും നൂറ് കണക്കിന് ഗോപിക നൃത്തങ്ങളുടെ അകമ്പടിയിലുമാണ് ശോഭയാത്ര ആരംഭിച്ചത്. അര്ജ്ജുനന് ശ്രീക്യഷ്ണന്‍ തേര് തെളിക്കുന്ന രഥത്തോട് കൂടിയ നിശ്ചല ദൃശ്യങ്ങളുടെ ആവിഷ്കരണം ശോഭായാത്രയ്ക്ക് മിഴിവേകി. ചക്കുളത്ത് ഭഗവതി ക്ഷേത്രത്തിലെ മഹാശോഭായാത്ര സമാപന സമ്മേളനം
മുഖ്യ കാര്യദര്‍ശി രാധാക്യഷ്ണന് നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
കെ.ബിജു അധ്യക്ഷനായി. കെ.മധുസൂദനന് അനുശോചന സന്ദേശം നല്കി.ബാലഗോകുലം ജില്ല ട്രഷറാര്‍ ശരത്ത് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. അജിത്ത് പിഷാരത്ത്, കെ.പി രാജേന്ദ്രന്, ഗോകുല്‍ ചക്കുളം, ഗോപു, രഞ്ചിഷ്, ബിനീഷ് എന്നിവര്‍ നേത്യുത്വം നല്കി. സിനിമ ഫെയിം അക്ഷര, രാജേഷ് തലവടി എന്നിവരെ ആദരിച്ചു.
എടത്വാ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നു എത്തിയ ചെറുശോഭായാത്ര കോഴിമുക്ക് ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി എടത്വാ ജംങ്ഷനില്‍ എത്തിച്ചേര്‍ന്ന് ഉറിയടി നടത്തിയ ശേഷം പാണ്ടങ്കി കൊച്ചു ശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: