ഐസ്വാള്‍: ഇരുപത് മാസമായി സിറിയയില്‍ കുടുങ്ങിയ മൂന്ന് മിസോ യുവതികളെ നാട്ടിലെത്തിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ഇടപെടലുകളുടെ ഫലമായാണ് മോചനം. 2022ല്‍ മിസോറാമില്‍ നിന്ന് വീട്ടുജോലിക്കെന്ന പേരില്‍ സിറിയയിലേക്ക് പോയവരാണ് മൂന്നു പേരുമെന്ന് മിസോറാം പോലീസ് പറഞ്ഞു.
രണ്ട് പേര് ഹന്ഹതിയാല് ജില്ലയില്‍ നിന്നുള്ളവരും ഒരാള്‍ ചമ്പായി ജില്ലയില്‍ നിന്നുള്ളയാളുമാണ്. ഐസ്വാളിലെ സ്വകാര്യ പ്ലെയ്സ്മെന്റ് ഏജന്‍സിയാണ് ഇവരെ 2022 നവംബറില്‍ അനധികൃതമായി സിറിയയിലേക്ക് അയച്ചത്. എന്നാല്‍ അവര്‍ അവിടെ നിയമക്കുരുക്കുകളില്‍ പെടുകയായിരുന്നു.
മിസോറാം മുഖ്യമന്ത്രി ലാല്‍ദുഹോമ കേന്ദ്രസര്‍ക്കാരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭാരത എംബസി ഇവരുടെ മോചനത്തിനായി പരിശ്രമങ്ങള്‍ ആരംഭിച്ചത്. നിയമപോരാട്ടങ്ങളില്‍ വിജയം നേടിയതിന് ശേഷം ദമാസ്കസിലെ ഭാരത എംബസിയുടെ അഭയത്തിലായിരുന്നു ഇവര്‍.
എക്സിറ്റ് വിസകള്‍ ലഭിച്ചതിനു പിന്നാലെ 20ന് മൂന്ന് പേരെയും ദല്‍ഹിയിലെത്തിച്ചു. ഇന്നലെ മിസോറാം പോലീസ് ഇവരെ ഐസ്വാളില് കൊണ്ടുവന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ ആഴ്ച തന്നെ ഇവരെ ഗ്രാമങ്ങളിലേക്ക് മടക്കിയയക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: