ന്യൂദല്‍ഹി: മധ്യപ്രദേശില്‍ ഷഹ്സാദ് അലിയുടെ അനധികൃത വീട് ഇടിച്ചുനിരത്തിയതിനെതിരെ ശബ്ദമുയര്‍ത്തുന്ന പ്രിയങ്ക ഗാന്ധിക്ക് പക്ഷെ തെലുങ്ക് നടന് നാഗാര്‍ജുനയുടെ കെട്ടിടം കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇടിച്ചുനിരത്തിയതില്‍ മൗനം. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഇരട്ടനിലപാടിനെതിരെ രൂക്ഷവിമര്‍ശനം ഉയരുകയാണ്.
രാംഗിരി മഹാരാജ് എന്ന ഹിന്ദു സന്യാസി ഖുറാനെതിരെ ഈയിടെ നടത്തിയ വിമര്‍ശനത്തിനെതിരെ മധ്യപ്രദേശില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. നേതാവ് ഷഹ്സാദ് അലിയുടെ നേതൃത്വത്തില്‍ ഒരു സംഘം പൊലീസുകാര്‍ക്കെതിരെ കല്ലേറ് നടത്തിയിരുന്നു. ഇതിന്റെ പേരില്‍ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ ഷഹ് സാദ് അലിയുടെ അനധികൃത വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തിയിരുന്നു. എന്നാല്‍ ഈ ബുള്‍ഡോസര്‍ നീതി അനീതിയും കാടത്തവുമാണെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനം.മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിനെതിരെയാണ് പ്രിയങ്ക ഗാന്ധി വിമര്‍ശനം ഉയര്‍ത്തിയത്.
അതേ സമയം തെലുങ്കാനയില്‍ നടന് നാഗാര്‍ജുനയുടെ 50000 ല്‍ അധികം ചതുരശ്രയടിയുള്ള കണ്വെന്ഷന് സെന്റര്‍ അവിടുത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയിരുന്നു. തെലുങ്കാന ഹൈക്കോടതി ഇടക്കാല സ്റ്റേ ചെയ്ത കേസിലാണ് അത് വകവെയ്ക്കാതെ നാഗാര്‍ജുനയുടെ കണ്വെന്ഷന് സെന്റര്‍ ഇടിച്ചുനിരത്തിയത്. കായല്‍കരയിലെ സംരക്ഷിത ഭൂമി കയ്യേറിയെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ മുന്‍ തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നാഗാര്‍ജുന കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡിയെ കാണാന്‍ ചെല്ലാത്തതിന്റെ നീരസമാണ് കണ്വെന്ഷന് സെന്റര്‍ പൊളിച്ചുനീക്കിയതിന് കാരണമായതെന്ന് പറയുന്നു. ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് ഇവിടെയും പൊളി നടന്നത്. എന്നാല്‍ ഇതിനെതിരെ ചെറുവിരല്‍ അനക്കാന്‍ രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ഇതുവരെയും തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: