ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിക്കുന്ന എഴുപതുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി മുളകുപൊടി എറിഞ്ഞ് ഏഴു പവന് കവരുകയും പീഡിപ്പിക്കുകയും ചെയ്ത പ്രതിയെ കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ കനകക്കുന്ന് പോലീസ് പിടികൂടി. മണിവേലിക്കടവ് കാട്ടുപുരക്കല്‍ ഹൗസ് സുധാലയത്തില്‍ ധനീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
വയോധികയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി മുളകുപൊടി വിതറിയ ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. തുടര്‍ന്ന് വയോധികയെ വീടിനുള്ളില്‍ പൂട്ടിയിട്ട ശേഷം ധനീഷ് കടന്നു. പുലര്‍ച്ചെ നാട്ടുകാരെ വിളിച്ചുകൂട്ടിയപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. പോലീസ് എത്തി വയോധികയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ മണിവേലിക്കടവിന് സമീപമുള്ള സ്വകാര്യ സ്ഥാപനത്തില്‍ സ്വര്‍ണം വില്‍ക്കുവാനായി എത്തിയപ്പോള്‍ സംശയം തോന്നി കടയിലുള്ളവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ധനീഷിനെ പിടിക്കാന്‍ വീട്ടിലെത്തുമ്പോള്‍ അയാള്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സാഹസികമായാണ് ഇയാളെ കീഴ്പ്പെടുത്തിയത്. കനകക്കുന്ന് ഇന്‍സ്പെക്ടര്‍ എസ് അരുണ്‍, എസ്ഐമാരായ ധര്‍മ്മ രത്നം സോമരാജന് സന്തോഷ്, എഎസ്ഐ സുനീര്‍ സിപിഒമാരായ ഗിരീഷ് ജിതേഷ് മോന്, അഖില്‍ മുരളി, വിഷ്ണു, സനോജ്, ചന്ദ്രലാല്‍, അനില്‍കുമാര്‍, വിനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: