Kerala

രഞ്ജിത്തിന്റെ രാജിയിൽ സന്തോഷവും ദുഃഖവുമില്ല; ഒരു രഞ്ജിത്ത് മാത്രമല്ല നിരവധി പേരുണ്ട്, എല്ലാം പുറത്തുവരട്ടെ: ശ്രീലേഖ മിത്ര

Published by

കൊല്‍ക്കത്ത: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രഞ്ജിത്ത് രാജിവച്ചതില്‍ തനിക്ക് സന്തോഷവും ദുഃഖവുമില്ലെന്ന് ആരോപണമുന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്ര. തനിക്കെതിരേ അതിക്രമം നടന്നില്ല. എന്നാല്‍ തന്നെ സമീപിച്ചത് മോശം ഉദ്ദേശ്യത്തോടെയാണെന്ന് നടി പ്രതികരിച്ചു. ഒടുവില്‍ രഞ്ജിത്ത് തെറ്റ് സമ്മതിച്ചു. രഞ്ജിത്തിനെതിരേ താന്‍ നിയമനടപടിയുമായി മുന്നോട്ട് പോകില്ലെന്നും ശ്രീലേഖ പറഞ്ഞു.

നിരവധി പേര്‍ക്ക് പലരില്‍നിന്ന് ഇത്തരത്തില്‍ ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് ബംഗാളി, ബോളിവുഡ് തുടങ്ങി എല്ലായിടത്തുമുണ്ട്. ഞാൻ മനുഷ്യർക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ഒരു സ്ത്രീ പുരുഷനെ ആക്രമിച്ചാൽ പുരുഷനൊപ്പം നിൽക്കും. ഇനിയെങ്കിലും സ്ത്രീകൾ സ്വന്തം ശക്തി തിരിച്ചറിയണം. സിനിമയില്‍ അവസരം നിഷേധിക്കുമെന്ന് ഭയന്നാണ് ഇത്തരം അനുഭവങ്ങള്‍ സ്ത്രീകള്‍ തുറന്ന് പറയാത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ കാണിച്ച പാത പലരും പിന്തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെ കേരള പോലീസ് ഇതുമായി ബന്ധപ്പെട്ട് ഇത് വരെ വിളിച്ചിട്ടില്ലെന്നും ശ്രീലേഖ പറഞ്ഞു. പോലീസ് സമീപിച്ചാൽ നടപടികളോട് സഹകരിക്കും. നിയമ സഹായം നൽകാൻ ഏറെപ്പേർ ഇന്നലെ സമീപിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക