ന്യൂദല്‍ഹി: റഷ്യ-ഉക്രൈന് യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലുകള്‍ വഴിയൊരുക്കിയേക്കും. സമാധാന ചര്‍ച്ചകള്‍ക്ക് ഗതിവേഗം പകരാന്‍ ഉക്രൈന് പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്കി ഉടന്‍ ഭാരതത്തിലെത്തും.
നിലവിലെ നയതന്ത്ര വിഷയത്തില്‍ ഭാരതത്തിന് പ്രധാന റോളുണ്ടെന്ന സെലന്‍സ്കിയുടെ പ്രതികരണവും ശ്രദ്ധേയമായി. ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഉക്രൈന് സമാധാന ഉച്ചകോടി നടത്താന്‍ ഭാരതം മുന്‍കൈ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെലന്‍സ്കി പറഞ്ഞതും മോദിയുടെ ഉക്രൈന് സന്ദര്‍ശനത്തിന്റെ നേട്ടമായി. ഭാരതത്തിന്റെ ഇടപെടലുകളെ സ്വാഗതം ചെയ്ത് യുഎസും രംഗത്തെത്തിയിട്ടുണ്ട്. ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ സ്വാഭാവിക നേതൃത്വം ഭാരതവും പ്രധാനമന്ത്രി മോദിയും നിര്‍വഹിക്കുന്നുവെന്ന പ്രതികരണങ്ങളാണ് ആഗോള തലത്തില്‍ ഉയരുന്നത്.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനോടും ഉക്രൈന് നേതൃത്വത്തോടും ഒരേ ബന്ധം നിലനിര്‍ത്തുന്ന ഏക ലോകനേതാവ് നരേന്ദ്രമോദിയാണ്. സമാധാന ചര്‍ച്ചകളില്‍ ഇരുവിഭാഗവും മോദിയെ അംഗീകരിക്കാനാണ് സാധ്യത.
മോദിയുടെ ഉക്രൈന് സന്ദര്‍ശനത്തെ ചരിത്രപരമെന്നാണ് പ്രസിഡന്റ് സെലന്‍സ്കി വിശേഷിപ്പിച്ചത്. സംഘര്‍ഷത്തില്‍ ആരുടെയെങ്കിലും പക്ഷത്ത് നിലയുറപ്പിക്കുന്ന രാജ്യമല്ല ഭാരതമെന്നും സമാധാനമാണ് ഭാരതം ആഗ്രഹിക്കുന്നതെന്നും സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയില്‍ മോദി അറിയിച്ചിരുന്നു. ഭാരതത്തിലേക്ക് എത്തുന്നത് ഏറെ സന്തോഷകരമെന്ന സെലന്‍സ്കിയുടെ പ്രതികരണവും ശ്രദ്ധേയമായി. റോയിറ്റേഴ്സും ബിബിസിയും അസോസിയേറ്റ് പ്രസ്സും വാഷിങ്ടണ്‍ പോസ്റ്റും അടക്കം വലിയ വാര്‍ത്താ പ്രാധാന്യമാണ് മോദിയുടെ കീവ് സന്ദര്‍ശനത്തിന് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: