കോട്ടയം: വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ച് വഴി അഞ്ചു ദിവസത്തെ ശമ്പളം നല്‍കാത്തവര്‍ക്കെതിരേ സര്‍ക്കാര്‍ നടപടി കടുപ്പിച്ചു. സാലറി ചലഞ്ചിനു സമ്മതപത്രം നല്കാത്തവര് പ്രോവിഡന്റ് ഫണ്ടില്‍ നിന്നു വായ്പയെടുക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു. വിവാഹം, ചികിത്സ, വീടുപണി തുടങ്ങി പലതിനും പിഎഫ് വായ്പയ്ക്ക് അപേക്ഷിക്കുന്ന ലക്ഷക്കണക്കിനു ജീവനക്കാര്‍ക്കാണ് ഇതു വലിയ ബുദ്ധിമുട്ടായത്.
ശമ്പളം വിതരണം ചെയ്യുന്ന, സര്‍വീസ് കാര്യങ്ങളും വിവരങ്ങളും സമഗ്രമായി ശേഖരിക്കുന്ന സ്പാര്‍ക്ക് സോഫ്റ്റ്വെയര് വഴി ഇത് ഇന്നലെത്തന്നെ നടപ്പാക്കി. വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍, ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്കാത്തതിനാല് അപേക്ഷ പ്രോസസ് ചെയ്യാനാകില്ലെന്ന മുന്നറിയിപ്പാണു ലഭിക്കുക.
അതോടെ ചലഞ്ചില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരാകുന്നു. സര്‍ക്കാര്‍ ഇത്തരം മുന്നറിയിപ്പു തന്നിരുന്നില്ലെന്നും അടുത്ത മാസം വിരമിക്കുന്നതിനാല്‍ ചലഞ്ചില്‍ പങ്കെടുക്കേണ്ടെന്നു കരുതിയവര്‍ വരെ കുടുക്കിലായെന്നും കോട്ടയത്തെ ഒരു പോലീസ് ഉദ്യോഗസ്ഥന് ജന്മഭൂമിയോടു പറഞ്ഞു.
പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ സാലറി ചലഞ്ചിനോടു സഹകരിക്കാതായതോടെയാണ് സര്‍ക്കാര്‍ നടപടികള്‍ കടുപ്പിച്ചത്. അഞ്ചു ദിവസത്തെ ശമ്പളമാണ് സാലറി ചലഞ്ചെന്ന പേരില്‍ ജീവനക്കാരില്‍നിന്നു ബലമായി പിടിക്കുക. എന്നാല്‍, അഞ്ചു ദിവസമെന്ന നിബന്ധന ഒഴിവാക്കണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം. അഞ്ചു ദിവസത്തില്‍ കുറവ് ശമ്പളം സംഭാവന ചെയ്യാന്‍ അവസരമില്ലാത്തതിനാലാണ് പ്രതിപക്ഷം സാലറി ചലഞ്ച് ബഹിഷ്കരിക്കുന്നത്.
ഇതിനിടെ, സമ്മതപത്രമില്ലെങ്കിലും ശമ്പളം പിടിക്കുമെന്ന് കാട്ടി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ് സര്‍ക്കുലര്‍ പുറത്തിറങ്ങി. ഡയറക്ടര്‍ കെ. ജയകുമാര്‍ ഐഎംജി ജീവനക്കാര്‍ക്കുള്ള കുറിപ്പിലാണ് ഇതു വ്യക്തമാക്കിയത്. അഞ്ചു ദിവസത്തെ ശമ്പളം നല്കാന് തയാറാണെന്ന് സമ്മതപത്രമില്ലെങ്കിലും ശമ്പളം പിടിക്കും. നിശ്ചിത സമയത്തിനുള്ളില്‍ സമ്മതപത്രം നല്കിയില്ലെങ്കിലും സമ്മതം നല്‍കിയതായി കണക്കാക്കുമെന്നാണ് സര്‍ക്കുലറിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: