കൊച്ചി: കലാകാരന്മാര് ഭേദങ്ങളില്ലാത്ത ദേവസ്വരൂപമായി ഉയര്‍ന്ന് പിറന്ന മണ്ണിന്റെ സംസ്കൃതിയെ വീണ്ടെടുക്കണമെന്ന് സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. സംഗീതം ഉപാസിക്കുന്നവരില്‍ ചുറ്റുമുള്ളവരിലേക്ക് ആനന്ദം പകരുന്ന പ്രകൃതിയുടെ തനിമയാണ് ദര്‍ശിക്കാനാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തോട് അനുബന്ധിച്ച് ബാലഗോകുലവും ബാലസംസ്കാരകേന്ദ്രവും സംഘടിപ്പിച്ച ജന്മാഷ്ടമി പുരസ്കാരദാന സമ്മേളനം ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജന്മാഷ്ടമി പുരസ്കാരം സംഗീതസംവിധായകന് ടി.എസ്. രാധാകൃഷ്ണന് അമൃതാനന്ദമയി മഠം ഗ്ലോബല്‍ സെക്രട്ടറി സ്വാമി പൂര്ണാമൃതാനന്ദപുരിയില് നിന്നും ഏറ്റുവാങ്ങി. ശ്രീകൃഷ്ണ ഭഗവാന്റെ പ്രസാദമാണ് പുരസ്കാരമെന്ന് ടി.എസ്. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
ലോകം ഒറ്റകുടുംബമാണ് എന്ന ദര്‍ശനമാണ് ബാലഗോകുലം ഉദ്ഘോഷിക്കുന്നതെന്ന് സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. വിശ്വസ്നേഹം നിറയുന്ന ഹൃദയവും കുഞ്ഞിന് അമ്മയോടുള്ള വിശ്വാസ വൈശിഷ്ട്യവും ചേര്‍ന്നാണ് ബാലഗോകുലത്തിന്റെ ഓരോ കാര്യകര്‍ത്താവിനെയും രൂപപ്പെടുത്തുന്നത്. ഉള്ളിലെ ഈശ്വര ചൈതന്യത്തെ ഉണര്‍ത്തിയാല്‍ ജീവിതം സംഗീതം പോലെ സുന്ദരമാകുമെന്നും സ്വാമി പൂര്‍ണാമൃതാനന്ദപുരി പറഞ്ഞു. ബാലസംസ്കാരകേന്ദ്രം ചെയര്മാന് പി.കെ.വിജയരാഘവന് പ്രശംസാപത്ര സമര്‍പ്പണം നിര്‍വഹിച്ചു. ശീകൃഷ്ണ ജയന്തി സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഡോ. കെ.എന്‍. രാഘവന് ഐആര്‍എസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ സീമാജാഗരണ്‍ മഞ്ച് അഖില ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന് ശ്രീകൃഷ്ണ ജയന്തി സന്ദേശം നല്കി. ജന്മമേകിയ ഭാരതമണ്ണിന്റെ പുണ്യവും മനുഷ്യജന്മത്തിന്റെ പവിത്രതയും തലമുറകളിലേക്ക് പകര്‍ന്ന് കുടുംബത്തിന്റെയും രാഷ്ട്രത്തിന്റെയും സംരക്ഷണം ഉറപ്പാക്കണമെന്ന് അദേഹം പറഞ്ഞു.
പിന്നണി ഗായകരായ ബിജു നാരായണന്, വൈക്കം വിജയലക്ഷ്മി, ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍, കൊച്ചി മഹാനഗര്‍ അധ്യക്ഷന്‍ പി. സോമനാഥന്, ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം സ്വാഗതസംഘം ജനറല്‍ സെക്രട്ടറി സി.എ. വിവേക് കൃഷ്ണ ഗോവിന്ദ്, പ്രോഗ്രാം കണ്‍വീനര്‍ പി.വി. അതികായന്, സ്വാഗതസംഘം കണ്‍വീനര്‍ ബി. പ്രകാശ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: