തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രമുഖരെ രക്ഷിക്കാന്‍ വിവരാവകാശ കമ്മിഷന് വിലക്കാത്ത ഭാഗം പൂഴ്ത്തിവച്ച് സര്‍ക്കാര്‍. എന്നാല്‍ പുറത്തുവിട്ട ഭാഗത്തില്‍ത്തന്നെ പ്രമുഖര്‍ക്കെതിരായ ആരോപണം തെളിഞ്ഞതോടെ സര്‍ക്കാര്‍ വെട്ടിലായി.
പേജ് 49ലെ 96-ാം ഖണ്ഡികയും 81 മുതല്‍ 100 വരെ പേജുകളിലെ 165 മുതല്‍ 196 വരെ ഖണ്ഡികകളും ഒഴിവാക്കണമെന്നാണ് വിവരാവകാശ കമ്മിഷണര്‍ എ. അബ്ദുള്‍ ഹക്കിമിന്റെ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ 49 മുതല്‍ 53 വരെ പേജുകളിലെ 11 ഖണ്ഡികകള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ അപേക്ഷകര്‍ക്കു നല്‍കിയത്. ഇതൊഴിവാക്കാനുള്ള തത്രപ്പാടിനിടെ പ്രമുഖരില്‍ നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വന്നെന്നു പരാമര്‍ശമുള്ള 48-ാം പേജിലെ 93-ാം ഖണ്ഡിക പുറത്തു നല്‍കുകയും ചെയ്തു. ലൈംഗികാതിക്രമം സംബന്ധിച്ച് തങ്ങള്‍ക്കു മുന്നിലെത്തിയ മൊഴികള്‍ വിശ്വസിക്കാതിരിക്കാനാകില്ലെന്നും അവരുടെ പേരു വിവരങ്ങള്‍ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതു കഴിഞ്ഞുള്ള അഞ്ചു പേജുകളാണ് പൂര്‍ണമായി ഒഴിവാക്കിയത്.
റിപ്പോര്‍ട്ടിന്റെ ഘടനയനുസരിച്ച് ആ അഞ്ചു പേജുകളില്‍ ഓരോരുത്തരുടെയും പേരിലുള്ള ആരോപണങ്ങളാണ് ഉണ്ടാകേണ്ടത്. കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാമര്‍ശമുണ്ടായിരുന്നു. അതടക്കമാണ് ഒഴിവാക്കിയത്. ഇരകളുടെ പേരും മൊഴി നല്‍കുന്നവരുടെ വിവരങ്ങളും വെളിപ്പെടുത്തരുതെന്ന് മാത്രമാണ് വിവരാവകാശ കമ്മിഷന് നിര്‍ദേശിച്ചത്. എന്നാല്‍ ഇതിന്റെ മറവില്‍ ലൈംഗികാതിക്രമം കാട്ടിയവരുടെ പേരുകളും മറച്ചുവച്ചു. കൂടാതെ 42, 43 പേജുകളിലെ 85-ാം ഖണ്ഡികയും 59 മുതല്‍ 79 വരെ പേജുകളിലെ 44 ഖണ്ഡികകളും ഒഴിവാക്കുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നു. 49, 53 പേജുകള്‍ ഒഴിവാക്കുന്നത് അപേക്ഷകരെ അറിയിച്ചിട്ടുമില്ല.
ഇതോടെയാണ് സര്‍ക്കാര്‍ വെട്ടിലായത്. സിനിമയിലെ പ്രമുഖരെ രക്ഷിക്കാനും ഇടത് അനുകൂല നിലപാടുള്ളവര്‍ക്കു മറയൊരുക്കാനുമാണ് സര്‍ക്കാര്‍ നീക്കമെന്ന് വ്യക്തമായി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും നാള് പൂഴ്ത്തിവച്ചതും ഇവരെ സഹായിക്കാനാണെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞു. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം ഉള്‍പ്പെടെയുണ്ടായിട്ടും നടപടികളിലേക്കു നീങ്ങാത്തതിനു പിന്നിലും സര്‍ക്കാരിനൊപ്പം നില്ക്കുന്ന സംവിധായകരെയും നടന്മാരെയും നിര്‍മാതാക്കളെയും സഹായിക്കാനാണെന്നും വ്യക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: