ന്യൂദല്‍ഹി: ജാതീയ അധിക്ഷേപം ഉണ്ടെങ്കില്‍ മാത്രമേ പട്ടികജാതി, പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാവൂ എന്ന് സുപ്രീംകോടതി. പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ അപകീര്ത്തിപ്പെടുത്തുന്നതിനെതിരെ 1989 ലെ എസ്സി, എസ്ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പി.വി. ശ്രീനിജന് എംഎല്‍എക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളി ഉടമ ഷാജന് സ്കറിയക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാണ് സുപ്രീംകോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ജെ.ബി. പാര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. എസ്സി, എസ്ടി പീഡന നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന പല കേസുകളിലും നിര്‍ണായക സ്വാധീനം ചെലുത്തുന്നതാണ് വിധി.
എസ്സി, എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരായ എല്ലാ അധിക്ഷേപങ്ങളും ഭീഷണികളും ജാതി അധിക്ഷേപത്തിന്റെ പരിധിയില്‍ വരില്ല. തൊട്ടുകൂടായ്മ, സവര്‍ണമേധാവിത്വം തുടങ്ങിയവയാണ് ജാതി അധിക്ഷേപത്തിന്റെ പരിധിയില്‍ വരുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ മാത്രമേ എസ്സി, എസ്ടി പീഡന നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പി.വി. ശ്രീനിജനെതിരെ ഷാജന് സ്കറിയ നല്കിയ വാര്‍ത്തയുടെ ഉള്ളടക്കം സുപ്രീംകോടതി പരിശോധിച്ചു. ശ്രീനിജനെതിരെ ചില പരാമര്‍ശങ്ങള്‍ ഷാജന് നടത്തിയിട്ടുണ്ട്. എന്നാല്‍ ഈ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ എസ്സി, എസ്ടി പീഡന നിരോധന നിയമപ്രകാരം കുറ്റം ചെയ്തെന്ന് കരുതുന്നില്ല. എസ്സി, എസ്ടി പീഡന നിരോധന നിയമപ്രകാരം കുറ്റം ചെയ്തെന്ന് പ്രാഥമിക പരിശോധനയില്‍ ബോധ്യമായില്ലെങ്കില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്കാന് കോടതിക്ക് അധികാരമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. പോലീസ് അറസ്റ്റ് ചെയ്താല്‍ അന്വേഷണ ഉദ്യോഗസ്ഥന് ഷാജന് സ്കറിയക്ക് ജാമ്യം നല്‍കണം. ജാമ്യവ്യവസ്ഥ അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: