ന്യൂദല്‍ഹി: ജനസംഖ്യാ കണക്കെടുപ്പ് അടുത്തമാസം ആരംഭിച്ചേക്കും. 2026 മാര്‍ച്ചില്‍ സെന്‍സസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പത്തു വര്‍ഷത്തില്‍ ഒരിക്കലാണ് രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടത്താറുള്ളത്. ഇതുപ്രകാരം 2021 ലാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനവും ലോക്ഡൗണും കാരണം സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുകയായിരുന്നു.
സപ്തംബറില്‍ ആരംഭിക്കുന്ന സെന്‍സസ് പൂര്‍ത്തിയാക്കാന്‍ 18 മാസം വേണമെന്നാണ് കണക്കുകൂട്ടല്‍. സെന്‍സസിന് മേല്‍നോട്ടം വഹിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയവും ഇതിനായുള്ള സമയക്രമവും തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്.
2011 ലെ അവസാന സെന്‍സസ് പ്രകാരം 121.1 കോടിയായിരുന്നു രാജ്യത്തിലെ ജനസംഖ്യ. ഈ സെന്‍സസ് പ്രകാരമുള്ള വിവരങ്ങളാണ് ഇപ്പോഴും ഉപയോഗപ്പെടുത്തുന്നത്. 2019 മാര്‍ച്ചില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം 2021ല്‍ സെന്‍സസ് പൂര്‍ത്തിയാക്കേണ്ടിയിരുന്നതാണ്. സെന്‍സസിന്റെ ആദ്യഘട്ടമായ ഹൗസ് ലിസ്റ്റിങ് 2020 ഏപ്രില്‍ ഒന്നുമുതല്‍ സപ്തം. 30 വരെ നടത്താനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ കൊവിഡ് വ്യാപനവും മാര്‍ച്ച് 22ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയും നീണ്ടുപോവുകയുമായിരുന്നു. 142 കോടിയിലധികം ജനസംഖ്യയുള്ള ചൈനയെ ഭാരതം ആദ്യമായി മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയെന്ന് 2023 ഏപ്രിലിലെ റിപ്പോര്‍ട്ടില്‍ ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: