താനെ: മഹാരാഷ്‌ട്രയിലെ ബദ്‌ലാപൂരില്‍ നഴ്‌സറി വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നടപടിയില്ലാത്തതിന് ബദ്‌ലാപൂര്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. വിഷയത്തില്‍ ഞെട്ടലും ആശങ്കയും പ്രകടിപ്പിച്ച ഹൈക്കോടതി, പെണ്‍കുട്ടികളുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും സാധ്യമല്ലെന്ന് പറഞ്ഞു.
സ്‌കൂളുകള്‍ പോലും സുരക്ഷിതമല്ലെന്നത് ആശങ്കയുളവാക്കുന്നതാണ്. വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ പ്രാധാന്യം നഷ്ടമാക്കുന്നതാണ് ഈ സംഭവമെന്നും ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് രേവതി മോഹിത് ദേരെ, ജസ്റ്റിസ് പൃഥ്വിരാജ് ചവാന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ബദ്ലാപൂരിലെ സ്‌കൂളില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിനിരയായത് റിപ്പോര്‍ട്ട് ചെയ്യാത്ത സ്‌കൂള്‍ അധികൃതരെയും കോടതി വിമര്‍ശിച്ചു. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അതിക്രമത്തിനിരയായ രണ്ടാമത്തെ പെണ്‍കുട്ടിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സ്‌കൂള്‍ സുരക്ഷിതമല്ലെങ്കില്‍ വിദ്യാര്‍ത്ഥികളെന്ത് ചെയ്യുമെന്ന് കോടതി ചോദിച്ചു.
അതിനിടെ കേസിലെ പ്രതി അക്ഷയ് ഷിന്‍ഡെയുടെ വീട് പ്രദേശവാസികള്‍ തകര്‍ത്തു. ലൈംഗികാതിക്രമ വിഷയത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സംഭവം. ബദ്‌ലാപൂര്‍ സ്‌കൂളിലെ ശുചീകരണ ജീവനക്കാരനാണ് പിടിയിലായ അക്ഷയ് ഷിന്‍ഡെ. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ആരതി സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവില്‍ കേസന്വേഷിക്കുന്നത്. നടപടികള്‍ വേഗത്തിലാക്കാനും ബലാത്സംഗക്കുറ്റം ഉള്‍പ്പെടുത്താനും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: