ഇന്നത്തെ ഇറാനാണ് പഴയ പേര്ഷ്യ. ഇറാന്റെ ഔദ്യോഗിക ഭാഷയാണ് ഫാഴ്സി. അറബിക് ലിപിയിലാണ് ഫാഴ്സി എഴുതുന്നത്. പഴയ പേര്ഷ്യയിലെ അഭിജാത വര്ഗത്തിന്റേയും കോടതി വ്യവഹാരങ്ങളുടേയും ഭാഷയായ ഫാഴ്സിയില് ഇതേവരെയായി ഇരുപതിലേറെ രാമായണ രചനകളാണ് കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. ആദികവിയുടെ സംസ്കൃത മൂലവും തുളസീദാസിന്റെ ഹിന്ദി രചനയും ആസ്പദമാക്കി എഴുതപ്പെട്ടവയാണ് ഇവയെല്ലാം.
രാമായണവും ഭാരതവും രാജതരംഗിണിയും പേര്ഷ്യന് ഭാഷയിലേക്ക് പരിഭാഷപ്പെടുത്താന് തീരുമാനമെടുത്തത് അക്ബറാണ്. അതിന് അദ്ദേഹം ചുമതലപ്പെടുത്തിയതാകട്ടെ മുല്ല അബ്ദുല് ഖദീര് ബദായുനി എന്ന പണ്ഡിതനെ ആയിരുന്നു.
1584-ല് തുടങ്ങിയ പരിഭാഷ പൂര്ത്തിയാക്കാന് അഞ്ചു വര്ഷമെടുത്തു. 1589-ല് പൂര്ത്തിയാക്കിയ ആദ്യ ഫാഴ്സി രാമായണത്തിന്റെ കൈയെഴുത്തുപ്രതി ജയ്പൂരിലെ സവായി മാന്സിങ് മ്യൂസിയത്തില് സൂക്ഷിച്ചിട്ടുണ്ട്. രാമകഥാസംബന്ധിയായ 176 ചിത്രങ്ങളും ഇതില്പ്പെടുന്നു.
ഹുമയൂണിന്റെ പത്നിയും അക്ബറിന്റെ മാതാവുമായ ഹമീദ ബാനു ബീഗത്തിന്റെ പക്കല് വളരെക്കാലം ഈ കൈയെഴുത്തുപ്രതി സുരക്ഷിതമായിരുന്നു. അക്ബര് നല്കിയ മറിയം മക്കാനി എന്ന സ്ഥാനപ്പേരിലാണ് അക്ഷരങ്ങളേയും പു
സ്തകങ്ങളേയും സ്നേഹിച്ച ഈ വനിത അറിയപ്പെടുന്നത്. 550 മഹര്(അക്കാലത്തെ സ്വര്ണ നാണയം) ആയിരുന്നു ഈ കൈയെഴുത്തു പ്രതിക്ക് നിശ്ചയിക്കപ്പെട്ട വില.
മറിയം മകാനിയുടെ മരണം 1604-ല് ആയിരുന്നു. 1635-ല് ഷാജഹാന്റെ കൊട്ടാരം ഗ്രന്ഥപ്പുര സൂക്ഷിപ്പുകാരനായ അബ്ദുര്റാഷിദ് ദിലാമി ഇതു വായിച്ചതായും ജഹാംഗീറും ഔറംഗസീബും ഇതു നോക്കിയതായും ലിഖിത രേഖകളുണ്ട്.
അക്ബറിന്റെ അനുമതിയോടെ അദ്ദേഹത്തിന്റെ സദസ്യനായിരുന്ന അബ്ദുര്റഹീം ഇതിന്റെ ഒരു പകര്പ്പ് ഉണ്ടാക്കി. ദേവി മിസ്സാര് എന്ന സംസ്കൃത പണ്ഡിതന്റെ സഹായത്തോടെ നഖീബ് ഖാന് ആണ് അബ്ദുര്റഹീമിന്റെ സ്വന്തം ഉപയോഗത്തിനുള്ള കൈയെഴുത്തുപ്രതി തയാറാക്കിയതെന്ന് അതില്ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പിന്നീടു പേഴ്സ്യന് ഭാഷയില് രാമായണാവലംബിയായി ഉണ്ടായ എല്ലാ കൃതികളും പിന്പറ്റിയത് ബദായുനിയുടെ പരിഭാഷയെയാണ്.
ഇതില് ഏറ്റവും ശ്രദ്ധേയം മുല്ലാ ഷെയ്ഖ് സാദുള്ളയുടെ രാമായണ്-ഇ-മാസീഹ് ആണ്. ദസ്താന് ഇ റാം യു സീത (രാമന്റെയും സീതയുടേയും കഥ) എന്നും ഇതിനു പേരുണ്ട്. മാസീഹ് പാനിപ്പത്തി എന്ന തൂലികാ നാമത്തിലാണ് സാദുള്ള അറിയപ്പെട്ടിരുന്നത്. പാനിപ്പത്തിന്റെ അതിര്ത്തി ഗ്രാമമായ കൈരാനയില് ജനിച്ചതിനാലാണ് അദ്ദേഹം ഈ തൂലികാനാമം ഉപയോഗിച്ചത്. മാസീഹ് എന്ന പേഴ്സ്യന് വാക്കിന് മണല്ത്തരി എന്നാണ് സാമാന്യാര്ത്ഥം. രത്നം എന്ന വിശേഷാര്ത്ഥവുമുണ്ട്.
ബനാറസില് 12 വര്ഷം സംസ്കൃതം പഠിച്ച പണ്ഡിതനായ പാനിപ്പത്തിയുടെ രാമായണ്-ഇ-മാസീഹ് 1899-ല് ലഖ്നൗവിലെ നവല്കിഷോര് പ്രസ് പുസ്തകമാക്കി. ജലാലുദ്ദീന് റൂമിയുടെ മസ്നാവിയിലേതുപോലെ ഒരു വരിയില് പത്തോ പതിനൊന്നോ അക്ഷരങ്ങള് വരുന്ന 5,407 ഈരടികളാണ് ഇതിലുള്ളത്. വാല്മീകി രാമായണം 24,000 ചതുഷ്പദികളാണെന്നിരിക്കേ രാമായണ്-ഇ-മാസീഹ് സംഗൃഹീത വിവര്ത്തനമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
മസ്നാവി(ഫാഴ്സിയില് മത്നാവി)യുടെ സ്വാധീനത്താലാവാം കാണ്ഡങ്ങള് ഒഴിവാക്കി മനോജ്ഞ പ്രണയകഥ എന്ന രീതിയിലാണ് പാനിപ്പത്തിയുടെ രചന. രാമായണ്-ഇ-മാസീഹിന്റെ തുടക്കത്തില് പാനിപ്പത്തി ഇങ്ങനെ കുറിച്ചിരിക്കുന്നു:
ഹിന്ദുസ്ഥാനത്തെക്കുറിച്ച് ഞാന്
വശ്യവചസ്സാകണം
കാരണം, പ്രണയത്താല്
ഇഴചേര്ക്കപ്പെട്ടതാണ്
ഇവിടുത്തെ മണല്ത്തരികള്.
ആ പ്രണയമോടെയാണ് ഞാന്
ഈ മണ്ണിലെ സീതാ-രാമ
പാരമ്പര്യത്തിന്റെ കഥ പറയുന്നത്.
ഇതൊരു കല്പിതകഥ(അഫ്സന) അല്ല
ഇത് ഈ മണ്ണിന്റെ ചരിത്രം(താരീഖ്) ആണ്.
ആമുഖത്തില് ഇങ്ങനെ പറയുന്നുണ്ടെങ്കിലും ആദികവിയുടെ വാല്മീകി എന്ന പേര് കഥാപാത്രമായി എത്തുന്ന ഭാഗങ്ങളിലൊന്നും പാനിപ്പത്തി ഉപയോഗിച്ചിട്ടില്ല. പകരം മഹര്ഷി എന്നര്ത്ഥമെടുക്കാവുന്ന സഹീദ് എന്ന പദമാണ് എല്ലായിടത്തും.
ആദികാവ്യത്തിലില്ലാത്ത പല കല്പനകളും തോന്നിയമട്ടില് പാനിപ്പത്തി ഉള്ച്ചേര്ത്തിട്ടുമുണ്ട്. ഉദാഹരണങ്ങള് ഇങ്ങനെ:
സീതാദേവിയെ അന്വേഷിച്ചു നടക്കവേ ലക്ഷ്മണന് ഒരു തടാകതീരത്തെത്തുന്നു. അതിനുള്ളില് ഭീകരാകാരമുള്ള മീനുകള് പുളയ്ക്കുകയാണ്. നിങ്ങള് സീതാദേവിയെ വിഴുങ്ങിയോ എന്നു ലക്ഷ്മണന് ചോദിക്കുമ്പോള്, പണ്ട് ഞങ്ങള് ഹസ്രത്ത് യൂനാസിനെ(ബൈബിളില് യോനാ) വിഴുങ്ങിയിട്ടുണ്ടെങ്കിലും സീതയെ വിഴുങ്ങിയിട്ടില്ലെന്ന് മീനുകള് മറുപടി പറയുന്നു.
രാവണാജ്ഞയനുസരിച്ച് ഹനുമാന്റെ വാലിനു തീകൊളുത്തുന്ന രംഗമാണ് മറ്റൊന്ന്. ഇവിടെ സീതാദേവി തീനാമ്പുകള് റോസാപ്പൂക്കളാകട്ടെ എന്ന് അഗ്നിദേവനോടു പ്രാ
ര്ത്ഥിക്കുകയാണ്. അപ്രകാരം അവിടമൊരു റോസാപ്പൂവാടി ആവുന്നു. ഇബ്രാഹിം നബിയെ നമ്രൂദ് രാജാവ് തീയിലെറിഞ്ഞ കഥ രാമായണഗാത്രത്തില് ഒളിച്ചുവയ്ക്കുകയാണ് പാനിപ്പത്തി ഇവിടെ.
ഇങ്ങനെ ചില കടുംകൈകളുണ്ടെങ്കിലും കവിത തുളുമ്പുന്നതും തത്ത്വചിന്താപരവുമായ ഒട്ടേറെ ഈരടികളുമുണ്ട് ഇതില്.
അതിമനോഹരമാണ് സീതാദേവിയുടെ അന്തര്ദ്ധാനത്തെക്കുറിച്ചുള്ള കാവ്യകല്പന. അതിങ്ങനെ:
പൊടുന്നനേ ഭൂമി പിളര്ന്നു,
ശരീരത്തിലേക്ക്
ആത്മാവു പ്രവേശിക്കുംപോലെ
ഭൂഗര്ഭത്തില്
സീത അപ്രത്യക്ഷയായി.
പില്ക്കാലം മുസ്ലീം മതാന്ധരുടെ ശത്രുവായി മാറി എന്നതാണ് ഈ മനോഹര പരിഭാഷകൊണ്ട് പാനിപ്പത്തിക്ക് ഉണ്ടായ ദുര്വിധി.
മഹാരാജാ രഞ്ജിത്ത് സിങ്ങിന്റെ സൈനികനായിരുന്ന മൊഹര് സിങ് ആണ് പാഴ്സിയിലേക്ക് രാമായണം പരിഭാഷപ്പെടുത്തിയ മറ്റൊരാള്. സംസ്കൃതമൂലം അവലംബമാക്കിയുള്ള ഈ കൃതി 1890ല് ലാഹോറിലെ ഗണേശ് പ്രസ് ആണ് പ്രസിദ്ധീകരിച്ചത്. പാനിപ്പത്തിയുടെ രാമായണം പ്രേമകഥയാണെങ്കില് മൊഹര് സിങ്ങിന്റേതു വീരേതിഹാസമാണ്. പാ
നിപ്പത്തിയുടെ രാമന് ഗുണസമ്പന്നനായ മനുഷ്യനാണെങ്കില് മൊഹര് സിങ്ങിന്റെ രാമന് ദിവ്യത്വമുള്ളവനാണ്. രണ്ടും തമ്മിലുള്ള പ്രധാന വൈജാത്യവും ഇതാണ്.
ഗിരിധര് ദാസ് എന്നൊരാള് 5,900 ശ്ലോകങ്ങളിലും ഗോപാല് എന്നൊരാള് ഗദ്യത്തിലും ചന്ദമാന് ബിദില് കായസ്ഥ ഗദ്യവും പദ്യവും ഇടകലര്ത്തിയും പേര്ഷ്യന് ഭാഷയില് രാമകഥ എഴുതിയിട്ടുണ്ട്. 1693-94ല് തന്റെ അറുപതാംവയസില് ചന്ദമാന്, ഖേതല് ദാസ് എന്ന സുഹൃത്തിന്റെ സഹായത്തോടെ 4906 ഈരടികളില് നിഗരിസ്ഥാന് എന്ന പേരില് ഫാഴ്സിയില് മറ്റൊരു രാമായണ കാവ്യവും എഴുതി. 1875-ല് നവല്കിശോര് മുദ്രണാലയം ഇതു പ്രസിദ്ധീകരിച്ചുവെങ്കിലും രചയിതാവിന്റെ പേര് മിര്സ ബിദില് എന്നു തെറ്റായാണ് രേഖപ്പെടുത്തിയത്.
മതഭ്രാന്തനും അധികാരമോഹിയുമായ ഔറംഗസേബിനാല് വധിക്കപ്പെട്ട മുഗള് കിരീടാവകാശി ദാരാ ഷുക്കോവും രാമായണ സംഗ്രഹം ഫാഴ്സിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ബിസ്മില്ലാഹ് ഉര് റഹ്മാനുര് റഹീം എന്ന ഖുര് ആന് ആരംഭ വചനത്തോടെയാണ് ദാരയുടെ രാമായണ പരിഭാഷ തുടങ്ങുന്നത്. ജമ്മുവിലെ വ്യാപാരിയും സ്നേഹിതനുമായിരുന്ന ശ്യാംലാല് അംഗാരയുമായി ചേര്ന്നായിരുന്നു ദാരയുടെ പരിഭാഷ.
അമര് സിങ് എന്നൊരാള് 1705-ല് അമര് പ്രകാശ് എന്ന പേരില് ഗദ്യരൂപത്തില് നടത്തിയതാണ് മറ്റൊരു മൊഴിമാറ്റം. പണ്ഡിറ്റ് സമീര് ചന്ദ് എന്നൊരാളിന്റെ പരിഭാഷയുമുണ്ട്. 1826-ലേതെന്നു കരുതുന്ന ഇതിന്റെ കൈയെഴുത്തുപ്രതി റാംപൂരിലെ റാസാ ഗ്രന്ഥാലയത്തില് സൂക്ഷിച്ചിരിക്കുന്നു. മധ്യകാലഘട്ട ജീവിതത്തിലേക്കു വെളിച്ചം വീശുന്ന ഒട്ടേറെ പരാമര്ശങ്ങള് ഇതിലുണ്ട്. ഈ കുറിപ്പിനൊപ്പമുള്ള ചിത്രങ്ങള് സമീര്ചന്ദിന്റെ കൈയെഴുത്തു പ്രതിയിലേതാണ്.
ദല്ഹിയില് പോലീസ് ഉദ്യോഗസ്ഥനായിരുന്ന മുന്ഷി ഹര്ലാല് റുസ്വ 1881-82ല് രാമായണ്-ഇ-ഫാഴ്സി എന്ന പേരില് ഒരു കൃതി രചിച്ചിരുന്നു. കാവ്യഗുണം ജാസ്തിയാണെങ്കിലും ഭക്തിഭാവത്തിനു മുന്തൂക്കമുണ്ടെന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: