ഗുവാഹത്തി: മുസ്ലീം സമുദായക്കാർക്കിടയിൽ വിവാഹവും വിവാഹമോചനവും നിർബന്ധിത സർക്കാർ രജിസ്ട്രേഷൻ ആക്കുന്ന സുപ്രധാന ബിൽ കൊണ്ടുവരാനൊരുങ്ങി അസം സർക്കാർ. ഇന്ന് മുതൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ സർക്കാർ സുപ്രധാന ബിൽ അവതരിപ്പിക്കും.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അധ്യക്ഷതയിൽ ഗുവാഹത്തിയിലെ ലോക്‌സേവാ ഭവനിൽ നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മുസ്ലീം വിവാഹ വിവാഹമോചനങ്ങളുടെ അസം നിർബന്ധിത രജിസ്ട്രേഷൻ ബില്ലിന്, 2024 സംസ്ഥാന മന്ത്രിസഭ ഇന്ന് അംഗീകാരം നൽകിയെന്ന് ഗുവാഹത്തിയിലെ ലോക്‌സേവാ ഭവനിൽ വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
മുമ്പ്, മുസ്ലീം വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്ട്രേഷൻ നടത്തിയിരുന്നത് കാസിമാരായിരുന്നു. ഈ പുതിയ ബിൽ മുസ്ലീം വിവാഹ രജിസ്ട്രേഷൻ നടത്തുന്നത് കാസിയല്ല, സർക്കാരാണെന്ന് ഉറപ്പാക്കും. 18 വയസ്സിന് താഴെയുള്ള വിവാഹ രജിസ്ട്രേഷൻ ഉണ്ടാകില്ല. രജിസ്ട്രേഷൻ അതോറിറ്റി അസം സർക്കാരിന്റെ സബ് രജിസ്ട്രാർ ആയിരിക്കുമെന്നും ഡോ. ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഇന്ന് മുതൽ ആരംഭിക്കുന്ന സംസ്ഥാന നിയമസഭാ സമ്മേളനത്തിൽ ഈ പുതിയ ബിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശൈശവ വിവാഹത്തിനെതിരായ പോരാട്ടമാണ് ഈ പുതിയ ബിൽ കൊണ്ടുവരുന്നതിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: