India

ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധ അക്രമങ്ങളില്‍ അതിവേഗ പരിഹാരം വേണം: ശങ്കരാചാര്യന്മാര്‍

Published by

ന്യൂദല്‍ഹി: ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് അതിവേഗ പരിഹാരമുണ്ടാകണമെന്ന് ശങ്കരാചാര്യന്മാര്‍. ദ്വാരക ശങ്കരാചാര്യര്‍ സ്വാമി സദാനന്ദ സരസ്വതി, പുരി ശങ്കരാചാര്യര്‍ സ്വാമി നിശ്ചലാനന്ദ സരസ്വതി, കാഞ്ചി ശങ്കരാചാര്യര്‍ ശങ്കര വിജയേന്ദ്ര സരസ്വതി, ജ്യോതിര്‍മഠം ആചാര്യന്‍ അവിമുക്തേശ്വരാനന്ദ സരസ്വതി എന്നിവരാണ് പ്രസ്താവനകളിലൂടെ ശക്തമായി പ്രതികരിച്ചത്.

ഒന്നേ കാല്‍ കോടി ഹിന്ദുക്കളുള്ള ബംഗ്ലാദേശിലെ ആക്രമണം ഗൗരവത്തോടെ കാണണമെന്ന് ദ്വാരക ശങ്കരാചാര്യര്‍ ആവശ്യപ്പെട്ടു. എന്തപരാധം ചെയ്തിട്ടാണ് ഹിന്ദുക്കളെ തെരഞ്ഞുപിടിച്ചു വധിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഹിന്ദുരക്ഷ ഉറപ്പാക്കാന്‍ ഭാരതത്തിലെയും ബംഗ്ലാദേശിലെയും ഭരണാധികാരികള്‍ ഒരുമിച്ചു നടപടി സ്വീകരിക്കണമെന്ന് സ്വാമി സദാനന്ദ സരസ്വതി ആവശ്യപ്പെട്ടു.

ഹിന്ദു സുരക്ഷിതമായാല്‍ രാജ്യം സുരക്ഷിതമാകുമെന്ന് ബംഗ്ലാദേശ് മനസിലാക്കണമെന്ന് ഓര്‍മിപ്പിച്ച സ്വാമി നിശ്ചലാനന്ദ സരസ്വതി അക്രമങ്ങള്‍ക്ക് പിന്നില്‍ ഭാരതത്തെ അസ്ഥിരപ്പെടുത്താനുള്ള ചൈനയുടെ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

ശക്തിപീഠമായ ധാക്കേശ്വരി ക്ഷേത്രം കുടികൊള്ളുന്ന മണ്ണില്‍ ഹിന്ദുക്കള്‍ അരക്ഷിതരാകുന്നത് ആശങ്ക സൃഷ്ടിക്കുന്നെന്ന് ശങ്കര വിജയേന്ദ്ര സരസ്വതി പറഞ്ഞു.
ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷത്തെ സംരക്ഷിക്കാന്‍ ഭാരത സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അവിമുക്തേശ്വരാനന്ദ സരസ്വതി ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by