ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇരകൾ പരാതി നൽകിയാൽ കേസെടുക്കാമെന്ന് സർക്കാർ നിലപാടിനെതിരെ നടി പാർവ്വതി തിരുവോത്ത്. പൊലീസിൽ പരാതി നൽകേണ്ട പണിയും ഇരകളാണോ ചെയ്യേണ്ടതെന്നും അവർ ചോദിച്ചു. ‘സർക്കാർ തന്നെ ചോദിക്കുകയാണ് നിങ്ങൾ എന്തുകൊണ്ട് പൊലീസിൽ പോയില്ല. അപ്പോൾ തിരിച്ചു ചോദിക്കേണ്ടി വരും. ഇനി ആ പണിയും നമ്മളാണോ ചേയ്യേണ്ടത്. ഇതിന് മുമ്പ് പരാതി നൽകിയവരിൽ എത്രപേർക്കാണ് നീതി ലഭിച്ചത്. അപ്പോൾ എന്തടിസ്ഥാനത്തിലാണ് നമ്മളിൽ നിന്ന് ആ വിശ്വാസം ആവശ്യപ്പെടുന്നത്. മുന്നോട്ട് വെച്ച ഓരോ ചുവടിനും പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, പലയിടത്തും നടപടിയിൽ അഭാവമുണ്ടായി”. പാർവ്വതി പറഞ്ഞു. സ്വകാര്യ വാർത്താചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്.
ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ ഡബ്ലിയുസിസിയുടെ പോരാട്ടം അവസാനിക്കുന്നില്ലെന്നും പാർവ്വതി തിരുവോത്ത് വ്യക്തമാക്കി. ‘മോശമായി പെരുമാറിയവരുടെ പേരുകൾ പുറത്തുവന്നാൽ ഇരയാക്കപ്പെട്ടവർ വീണ്ടും ഒറ്റപ്പെടും. ഹിറ്റ് സിനിമകൾ ചെയ്തിട്ട് പോലും തനിക്ക് അവസരങ്ങൾ നഷ്ടമായി’ -പാർവ്വതി പറഞ്ഞു.
ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി കോൺക്ലേവ് നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെയും പാർവ്വതി വിമർശിച്ചു. ‘വേട്ടക്കാരെയും ഇരകളെയും ഒരുമിച്ചിരുത്തി കോൺക്ലേവ് നടത്തുന്നതിന്റെ പ്രസക്തി എന്താണ്’-അവർ ചോദിച്ചു. അമ്മയുടെ നിലപാടിനെയും നടി രൂക്ഷമായി വിമർശിച്ചു. താൻ അടക്കമുള്ളവർ അമ്മ സംഘടന വിട്ടുപോയിട്ടും ചർച്ചയ്‌ക്ക് പോലും വിളിച്ചില്ലെന്നും അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: