Kerala

ഗുരുതരാവസ്ഥയിലുള്ള ഭർത്താവിന്റെ ബീജം എടുത്തുസൂക്ഷിക്കാൻ യുവതിക്ക് ഹൈക്കോടതിയുടെ അനുമതി

Published by

കൊച്ചി: ഗുരുതരാവസ്ഥയിൽ കഴിയുന്ന ഭര്‍ത്താവിന്റെ ബീജം എടുത്ത് സൂക്ഷിക്കാൻ യുവതിയ്‌ക്ക് ഹൈക്കോടതി അനുമതി നൽകി. ദമ്പതികൾക്ക് കുട്ടികളില്ല. ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതിനായി ‘അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി’ (എആർടി)ക്കുവേണ്ടി ഉപയോഗിക്കുന്നതിനായി ബീജം എടുത്തുസൂക്ഷിക്കാൻ അനുമതി ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

ഭര്‍ത്താവിന്റെ സമ്മതമില്ലാതെ എആര്‍ടി ആക്ട് പ്രകാരം നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വി ജി അരുണ്‍ ആണ് ഭാര്യയുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഭര്‍ത്താവിന്റെ ആരോഗ്യനില ഗുരുതരമാണെന്നും അനുദിനം വഷളാവുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഭര്‍ത്താവിന്റെ രേഖാമൂലമുള്ള സമ്മതം ലഭിക്കുക അസാധ്യമാണെന്നും വിഷയം ഇനിയും വൈകിയാല്‍ കൈവിട്ടുപോകുമെന്നും ഭാര്യയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. മേല്‍പ്പറഞ്ഞ ഘടകങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

എആര്‍ടി റെഗുലേഷന്‍ ആക്ടിന്റെ അനുമതിയില്ലാതെ ബീജം എടുക്കുകയും സൂക്ഷിക്കുകയും അല്ലാതെ ഒരുനടപടിയും സ്വീകരിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. സെപ്റ്റംബര്‍ ഒമ്പതിന് ഇത് സംബന്ധിച്ച ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക