കൊൽക്കത്ത: ബംഗാളിലെ നിലവിലെ അവസ്ഥയിൽ അതീവ ഉത്കണ്ഠ രേഖപ്പെടുത്തി പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ത്രീകൾക്ക് സുരക്ഷിതമായ സ്ഥലമാക്കി മാറ്റുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
രാജ്ഭവനിൽ നടന്ന രാഖി ആഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ചടങ്ങിനു നിരവധി വനിതാ ഡോക്ടർമാരും എൽജിബിടി കമ്മ്യൂണിറ്റി പ്രതിനിധികളും മറ്റുള്ളവരും അദ്ദേഹത്തിന്റെ കൈത്തണ്ടയിൽ രാഖി കെട്ടി. സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം എന്ന ലക്ഷ്യം കൈവരിക്കുന്നത് വരെ അവരുടെ ശ്രമങ്ങളെ പിന്തുണയ്‌ക്കുമെന്ന് ബോസ് പ്രതിജ്ഞയെടുത്തു.
പശ്ചിമ ബംഗാളിൽ ജനാധിപത്യം അധഃപതിക്കുകയാണ്. ഇത് തുടരാനാകില്ലെന്നും ബോസ് പറഞ്ഞു. പെൺമക്കളെയും സഹോദരിമാരെയും സംരക്ഷിക്കാൻ നാം പ്രതിജ്ഞയെടുക്കണം എന്ന് പറഞ്ഞുകൊണ്ട് സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. സാമൂഹിക മാറ്റത്തിന്റെ ആവശ്യകത ബോസ് ഊന്നിപ്പറഞ്ഞു. നമ്മുടെ സമൂഹം സ്ത്രീകൾക്ക് സന്തോഷവും സുരക്ഷിതത്വവും തോന്നുന്ന സ്ഥലമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
ഒരുമിച്ച് നിൽക്കുന്നത് പുരോഗതിയും ഒരുമിച്ച് പ്രവർത്തിക്കുന്നത് വിജയവുമാണ്. ഗവർണർ എന്ന നിലയിൽ ജനങ്ങളെ സേവിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. ഞങ്ങൾ തീർച്ചയായും ലക്ഷ്യസ്ഥാനത്ത് എത്തും. ഞാൻ നിങ്ങളോടൊപ്പമുണ്ട്, ഞാൻ നിങ്ങൾക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും ബോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: